കോഴിക്കോട്: കോടഞ്ചേരിയിൽ മൊബൈൽ ഷോപ്പിൽ (Mobile Phone Shop) നിന്ന് 15 ഫോണുകൾ കവർന്ന കേസിലെ (Moble Phone Theft Case) പ്രതികൾ അറസ്റ്റിൽ. കവർച്ച നടത്തിയ രണ്ട് പ്രതികളെ താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. മുക്കം മുരിങ്ങമ്പുറായി കോട്ടക്കുത്ത് വീട്ടിൽ മുഹ്സിൻ (20), മുരിങ്ങമ്പുറായി പൂവത്തിക്കൽ വീട്ടിൽ അജാസ്( 20),എന്നിവരാണ് പിടിയിലായത്. നവംബർ രണ്ടിന് പുലർച്ചെ 2.50നാണ് കോടഞ്ചേരി ടൗണിലുള്ള ആദിത്യ മൊബൈൽസിന്റെ പൂട്ട് അറുത്തു മാറ്റി ഹെൽമെറ്റ് ധരിച്ചു അകത്ത കയറിയ പ്രതികൾ കവർച്ച നടത്തിയത്.
സിസിടിവി ക്യാമറയിലേക്ക് സ്പ്രേ ചെയ്ത ശേഷമായിരുന്നു മോഷണം. ലോക്ക് മുറിക്കുന്നതിനായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ആംഗിൾ ഗ്രൈൻഡർ ഫ്ളിപ്പ് കാർട്ടിൽ നിന്നും 5,800 രൂപക്ക് ഓൺലൈനായി വാങ്ങിയിരുന്നു. പിന്നീട് അരീക്കോട്, കോയമ്പത്തൂർ, തിരൂർ, കൽപ്പറ്റ, കുന്നമംഗലം എന്നിവിടങ്ങളിലെ മൊബൈൽ ഷോപ്പുകളിൽ ഏഴ് ഫോണുകൾ സംഘം വിറ്റു. ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുത്ത കണ്ണൂർ സ്വദേശിയായ റോഷൻ എന്നാളുടെ പേരിലുള്ള വ്യാജ ഡ്രൈവിംഗ് ലൈസെൻസിന്റെ കോപ്പിയാണ് തിരിച്ചറിയൽ രേഖയായി ഫോൺ വിറ്റ കടകളിൽ പ്രതികൾ നൽകിയത്.
കിട്ടിയ പണം പ്രതികൾ വീതിച്ചെടുക്കുകയായിരുന്നു. കവർച്ച ചെയ്യപ്പെട്ട മൂന്ന് ഫോണുകൾ കണ്ടെടുത്തു. താത്കാലിക സാമ്പത്തിക പ്രയാസം മാറ്റാനാണ് മോഷണം നടത്തിയതെന്നാണ് പ്രതികൾ മൊഴി നൽകിയിട്ടുള്ളത്. പ്രതികൾ മൊബൈൽ ഫോൺ വിൽപ്പന നടത്തുവാൻ ശ്രമിക്കുന്ന വിവരം രഹസ്യമായി ലഭിച്ചതോടെ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്ത് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
പൊലീസ് പിടിക്കുമെന്ന് മനസ്സിലാക്കിയ പ്രതികൾ ബാക്കിയുള്ള എട്ട് ഫോണുകൾ നാലാം തിയതി പ്ലാസ്റ്റിക് ചാക്കിൽ കെട്ടി ചേന്ദമംഗലൂർ പാലത്തിനടിയിൽ ഇരുവഴിഞ്ഞിപുഴയിൽ എറിഞ്ഞതായി മൊഴി നൽകി. ആഴമേറിയ ഭാഗത്ത് പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും ഒന്നുകണ്ടു കിട്ടിയില്ല. പ്രതികളെ താമരശ്ശേരി ജെഎഫ്സിഎം 2 കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങലക്കണ്ടിയുടെ നേതൃത്വത്തിൽ കോടഞ്ചേരി ഇൻസ്‌പെക്ടർ കെ പി പ്രവീൺ കുമാർ, എസ്ഐമാരായ കെ സി അഭിലാഷ്, വി പത്മനാഭൻ, സിപിഒ ജിനേഷ് കുര്യൻ, സനൽ കുമാർ സി കെ, ക്രൈം സ്‌ക്വാഡ് എസ്ഐമാരായ രാജീവ് ബാബു, സുരേഷ് വി കെ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
from Asianet News https://ift.tt/3pTvUS2
via IFTTT
No comments:
Post a Comment