തിരുവനന്തപുരം: നിരന്തരം വിമർശനം കേൾക്കുമ്പോഴും പൊലീസിന് ഒരു മാറ്റവുമില്ലെന്നതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് മാവേലി എക്സ്പ്രസ്സിലെ അങ്ങേയറ്റത്തെ ക്രൂരത. പൊലീസിൻറെ സമനില തെറ്റിയെന്നായിരുന്നു പ്രതിപക്ഷത്തിൻറെ കുറ്റപ്പെടുത്തൽ. എഐവൈഎഫും പൊലീസിനെതിരെ രംഗത്ത് വന്നപ്പോൾ ആഭ്യന്തരവകുപ്പിനെ കാനം ന്യായീകരിച്ചു.
പൊതുജനങ്ങളോട് പൊലീസ് അപരിഷ്കൃതമായി പെരുമാറുന്നത് നിർത്തണം. എടാ, എടീ, നീ എന്നീ വിളികൾ പാടില്ല.. 10-9 -2021 ലെ ഡിജിപിയുടെ സർക്കുലർ പറയുന്നതിങ്ങനെ. മാന്യമായ പെരുമാറ്റമാകണം പൊലീസിൻറെ മുഖമുദ്ര. 3-10-2021ൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലെ മുഖ്യമന്ത്രിയുടെ നിർദ്ദേശം.
സർക്കുലറുകൾക്കും നിർദ്ദേശങ്ങൾക്കുമൊന്നും പഞ്ഞമില്ലെങ്കിലും കോടതി എത്ര വടിയെടുത്താലും തെറിവിളിച്ച്, തൊഴിക്കുന്ന കാക്കി കീഴ്വഴക്കങ്ങൾക്ക് മാറ്റമില്ല. മൊബൈൽ മൊഷണം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യമായി പിങ്ക് പൊലീസ് അവഹേളിച്ചതിൻറെയും പുതുവർഷത്തലേന്ന് മദ്യത്തിൻറെ ബിൽ ഇല്ലാത്തതിൻറെ പേരിൽ കോവളത്ത് വിദേശിയെ അപമാനിച്ചതിന്റേയും വിവാദം തീരും മുമ്പാണ് മാവേലി എക്സ്പ്രസ്സിലെ കൊടും ക്രൂരത.
ഇടതിൻറെ ജനകീയ പൊലീസ് നയത്തിന് ഇത്തരം സംഭവം ഭീഷണിയാണെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്മോൻ പറഞ്ഞു. ആഭ്യന്തരവകുപ്പ് നിരന്തരം പ്രതിക്കൂട്ടിലാകുമ്പോഴും കാനം ന്യായീകരിച്ചു. പ്രതിപക്ഷം മാത്രമല്ല സിപിഎം സമ്മേളനങ്ങളിലടക്കം മുഖ്യമന്ത്രിക്ക് കീഴിലെ ആഭ്യന്തരവകുപ്പിനെതിരെ ഉയരുന്നത് തുടർച്ചയായ വിമർശനങ്ങൾ. പക്ഷെ ഓരോ കേസും 'ഒറ്റപ്പെട്ട സംഭവ'മെന്ന് ആവർത്തിക്കുന്ന നേതാക്കളുടെ ന്യായീകരണത്തിന് വൈകാതെയുള്ള അടുത്ത ഒറ്റപ്പെട്ട സംഭവം വരെയാണ് ആയുസ്.
from Asianet News https://ift.tt/3sUumcu
via IFTTT
No comments:
Post a Comment