കൊച്ചി: മലയാളിയായ ഇംഗ്ലീഷ് കവി ബിനു കരുണാകരന് അന്തർദേശീയ അംഗീകാരം. മുസരിസിനെക്കുറിച്ചുള്ള കവിതകളായ ' മുച്ചിരി ' ക്കാണ് മൈക്കിൾ മാർക്സ് അവാർഡ് നിർണയ കമ്മിറ്റിയുടെ പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചത്. ഇന്ത്യയിൽ നിന്ന് ബിനു കരുണാകരൻ മാത്രമാണ് 2021 - ലെ ഗ്രീക്ക് ബൈ സെന്റേനിയൽ അവാർഡിന് പരിഗണിക്കപ്പെട്ടത്.
ഗ്രീക്ക് ജനാധിപത്യത്തിന്റെ 200 വർഷം പുർത്തിയാകുന്നതിന്റെ ഭാഗമായാണ് അവാർഡ് പ്രഖ്യാപിച്ചിട്ടുള്ളത്. 2012 - ലെ ചാൾസ് വാലസ് ഇന്ത്യ ട്രസ്റ്റിന്റെ ഫെലോഷിപ്പും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. യു.കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈക്കിൾ മാർക്സ് ചാരിറ്റബിൾ ട്രസ്റ്റും വേഡ്സ് വർത്ത് ട്രസ്റ്റും ബ്രിട്ടീഷ് ലൈബ്രറിയും സംയുക്തമായാണ് കവിതയ്ക്കുള്ള ഈ അന്തർദേശീയ അവാർഡ് നൽകുന്നത്.
ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഹെലനിക് സ്റ്റഡി സെന്റർ, സ്കോട്ട്ലൻഡ് നാഷണൽ ലൈബ്രറി, വെയ്ൽസ് നാഷണൽ ലൈബ്രറിയും മൈക്കിൾ മാർക്സ് അവാർഡുമായി സഹകരിക്കുന്നു. ഇസബെല്ല മെഡ്, എലന ക്രൊയിറ്റോറു, ഹാരി മാൻ എന്നിവരാണ് മറ്റ് പുരസ്കാര ജേതാക്കൾ. പ്രമുഖ ഇംഗ്ലീഷ് കവിയും എഴുത്തുകാരിയുമായ റൂത്ത് പാഡൽ, ഡേവിഡ് കോൺസ്റ്റാന്റെൻ , ഹാർവാർഡ് യൂണിവേഴ്സിറ്റി പ്രൊഫസർ നടാഷ ബെർഷഡ്സ്കി എന്നിവരടങ്ങുന്ന കമ്മറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രത്യേക ജൂറി പുരസ്കാരങ്ങൾ മാത്രമാണ് പ്രഖ്യാപിച്ചത്. പുരസ്കാര ജേതാവിനെ വൈകാതെ പ്രഖ്യാപിക്കുമെന്ന് മൈക്കിൾ മാർക്സ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. വിവർത്തകനും മാധ്യമ പ്രവർത്തകനുമായ ബിനു കരുണാകരൻ കൊച്ചിയിലാണ് താമസിച്ചുവരുന്നത്.
from Asianet News https://ift.tt/3ocoKq7
via IFTTT
No comments:
Post a Comment