കൊല്ലം: കടയ്ക്കലിൽ ഹോട്ടൽ ജീവനക്കാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ജോലി ചെയ്യുന്ന ഹോട്ടലിന്റെ മുകൾ നിലയിലെ മുറിയിൽ നിന്ന് ഒന്നരയടി മാത്രം താഴ്ചയുള്ള ടെറസിലേക്ക് വീണാണ് പരവൂർ സ്വദേശി വിഷ്ണു മരിച്ചത്. ഇന്നലെ രാത്രിയുണ്ടായ മരണത്തെ പറ്റി പൊലീസ് അന്വേഷണം തുടങ്ങി.
ഇരുപത്തിയെട്ടു വയസു മാത്രം പ്രായമുള്ള കൊല്ലം പരവൂർ സ്വദേശി വിഷ്ണുവാണ് മരിച്ചത്. രണ്ടു ദിവസം മുമ്പാണ് കടയ്ക്കലിലെ ഹോട്ടലിൽ വിഷ്ണു ജോലിക്കെത്തിയത്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ വിഷ്ണുവിന് അപകടം പറ്റിയെന്ന അറിയിപ്പ് ഹോട്ടൽ അധികൃതർ പരവൂരിലുള്ള അമ്മയ്ക്ക് നൽകി. നിമിഷങ്ങൾക്കകം വിഷ്ണു മരിച്ചെന്നും അറിയിച്ചു.
ഹോട്ടലിന്റെ മുകൾ നിലയിലാണ് തൊഴിലാളികളുടെ താമസം. താമസിക്കുന്ന മുറിയുടെ മുൻ വശത്തായി ഒന്നരയടി താഴ്ചയിലാണ് ടെറസ്. ഇവിടെ വീണാണ് വിഷ്ണു മരിച്ചതെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. ടെറസിൽ ഉപക്ഷിച്ചിരുന്ന പഴയ ടെലിവിഷന്റെ പിക്ചർ ട്യൂബ് വിഷ്ണുവിന്റെ കാൽമുട്ടിൽ കുത്തിക്കയറി രക്തം വാർന്ന് മരിച്ചെന്നാണ് വിശദീകരണം. എന്നാൽ ഇത് പൂർണമായും വിശ്വസിക്കാൻ വിഷ്ണുവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും തയ്യാറല്ല.
രണ്ട് മലയാളികളും രണ്ട് ഇതര സംസ്ഥാന തൊഴിലാളികളും വിഷ്ണുവിനൊപ്പം മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ വിഷ്ണുവിന് അപകടം പറ്റിയ കാര്യം അറിയാൻ വൈകിയെന്നാണ് ഇവരുടെ മൊഴി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരുത്താൻ കഴിയൂ എന്നാണ് പൊലീസ് നിലപാട്.
from Asianet News https://ift.tt/3ENQBDt
via IFTTT
No comments:
Post a Comment