ഷാര്‍ജ: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് തകര്‍ത്ത് ഇംഗ്ലണ്ട് സെമിയില്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോസ് ബട്‌ലറുടെ(Jos Buttler) അപരാജിത സെഞ്ചുറി മികിവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തപ്പോള്‍ ശ്രീലങ്കയുടെ മറുപടി 19 ഓവറില്‍ 137 റണ്‍സിലൊതുങ്ങി. തുടര്‍ച്ചയായ നാലാം ജയത്തോടെ ഇംഗ്ലണ്ട് സെമി ഉറപ്പിച്ചപ്പോള്‍ മൂന്നാം തോല്‍വി വഴങ്ങിയ ശ്രീലങ്കയുടെ സെമി സാധ്യതകള്‍ മങ്ങി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 163-4, ശ്രീലങ്ക ഓവറില്‍ 19 ഓവറില്‍ 137ന് ഓള്‍ ഔട്ട്.
ലങ്കക്കെതിരായ ജയത്തോടെ ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന നായകനെന്ന റെക്കോര്‍ഡും ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍ സ്വന്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ 68 മത്സരങ്ങളില്‍ മോര്‍ഗന്‍റെ 43-ാം ജയമാണിത്. 52 മത്സരങ്ങളില്‍ 42 ജയം നേടിയ അഫ്ഗാന്‍റെ അസ്ഗര്‍ അഫ്ഗാനെയാണ് മോര്‍ഗന്‍ പിന്നിലാക്കിയത്.
തുടക്കത്തിലെ ലക്ഷ്യം തെറ്റി ലങ്ക
ജോസ് ബട്‌ലറുടെ ഒറ്റയാള്‍ പ്രകടനത്തിന്‍റെ കരുത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്ക് തുടക്കത്തിലെ താളം തെറ്റി. കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ പാത്തും നിസങ്ക(1) റണ്ണൗട്ടായപ്പോള്‍ നല്ല തുടക്കമിട്ട ചരിത അസലങ്കയെയും(21)കുശാല്‍ പെരേരയെയും(7)മടക്കി ആദില്‍ റഷീദ് ഏല്‍പ്പിച്ച ഇരട്ടപ്രഹരം ലങ്കയുടെ കുതിപ്പ് തടഞ്ഞു. 34-3ലേക്ക് കൂപ്പുകുത്തിയ ലങ്കയെ അവിഷ്ക ഫെര്‍ണാണ്ടോയും ഭാനുക രജപക്സെയും ചേര്‍ന്ന് 50 കടത്തിയെങ്കിലും ഫെര്‍ണാണ്ടോയെ(13) വിക്കറ്റിന് മുന്നില്‍ കുടുക്കി ക്രിസ് ജോര്‍ദാന്‍ കൂട്ടുകെട്ട് പൊളിച്ചു.
പ്രതീക്ഷ നല്‍കി ഹസരങ്ക, ഒത്തുപിടിച്ച് ഇംഗ്ലണ്ട്
76-5ലേക്ക് തകര്‍ന്ന ലങ്കക്ക് ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ദസുന്‍ ഷനകയും ചേര്‍ന്ന് വിജയപ്രതീക്ഷ നല്‍കിയതാണ്. ആറാം വിക്കറ്റില്‍ 53 റണ്‍സ് അടിച്ചുകൂട്ടിയ ഇരുവരും ലങ്കയെ വിജയവരകടത്തുമെന്ന് കരുതിയെങ്കിലും ലിവിംഗ്‌സ്റ്റണിന്‍റെ പന്തില്‍ ഹസരങ്കയെ(21 പന്തില്‍ 34) ജേസണ്‍ റോയിയും പകരക്കാരന്‍ ഫീല്‍ഡര്‍ സാം ബില്ലിംഗ്സും ചേര്‍ന്ന് ഒത്തുപിടിച്ചതോടെ ലങ്കയുടെ പ്രതീക്ഷ മങ്ങി.
റോയി കൈയിലൊതുക്കിയ ക്യാച്ച് ബൗണ്ടറി ലൈനിനരികെ നിന്ന് ബില്ലിംഗ്സിന് കൈമാറുകയായിരുന്നു. പിന്നാലെ ഷനകയെ അസാധ്യമായൊരു ത്രോയിലൂടെ ജോസ് ബട്‌ലര്‍ റണ്ണൗട്ടാക്കി. പിന്നീടെല്ലാം ചടങ്ങുകള്‍ മാത്രമായി. ലങ്കന്‍ വാലറ്റത്തെ ജോര്‍ദാനും മൊയിന്‍ അലിയും ചേര്‍ന്ന് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിന്‍റെ വിജയം പൂര്‍ണമായി. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാനും ആദില്‍ റഷീദും മൊയീന്‍ അലിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ബട്‌ലര്‍ ഷോയില്‍ ലങ്ക മുങ്ങി
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ടിനെ സ്പിന്നര്‍മാരിലൂടെ ലങ്ക വരിഞ്ഞു കെട്ടി. ഓപ്പണര്‍ ജേസണ്‍ റോയിയെ(9) തുടക്കത്തിലെ നഷ്ടമായതോടെ ഇംഗ്ലണ്ടിന്‍റെ സ്കോറിംഗ് മെല്ലെയായി. ഹസരങ്കക്കായിരുന്നു വിക്കറ്റ്. പിന്നാലെ ഡേവിഡ് മലനെ(6) ചമീരയും ബെയര്‍സ്റ്റോയെ(0) ഹസരങ്കയും വീഴ്ത്തിയതോടെ ഇംഗ്ലണ്ട് പവര്‍പ്ലേയില്‍ 35-3ലേക്ക് കൂപ്പുകുത്തി.
എന്നാല്‍ വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഒരറ്റത്ത് തകര്‍പ്പനടികളുമായി ക്രീസ് നിറഞ്ഞ ബട്‌ലര്‍ ഇംഗ്ലണ്ടിനെ മുന്നോട്ടു നയിച്ചു. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ബട്‌ലര്‍ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇംഗ്ലണ്ട് കരകയറി.
45 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലര്‍ അടുത്ത 22 പന്തില്‍ സെഞ്ചുറിയിലെത്തി. 36 പന്തില്‍ 40 റണ്‍സെടുത്ത മോര്‍ഗനുമൊത്ത് 112 റണ്‍സിന്‍റെ കൂട്ടുകെട്ടിലും ബട്‌ലര്‍ പങ്കാളിയായി. ശ്രീലങ്കക്കായി ഹസരങ്ക നാലോവറില്‍ 21 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചമീര 43 റണ്‍സിന് ഒരു വിക്കറ്റെടുത്തു.
from Asianet News https://ift.tt/3pVyCH2
via IFTTT
No comments:
Post a Comment