കല്‍പ്പറ്റ: പനമരം പഞ്ചായത്തിലെ ചെറുകാട്ടൂര്‍ കേളോം കടവില്‍ കബനിക്ക് കുറുകെ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി നീര്‍വാരം, ചെറുകാട്ടൂര്‍ പ്രദേശവാസികള്‍. 1996-ലാണ് ഇവിടെ പാലം വേണമെന്ന ആവശ്യം ആദ്യമായി ഉയരുന്നത്. പിന്നീട് 2005-ല്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ 11 കോടിയുടെ പദ്ധതി പാലത്തിനും അപ്രോച്ച് റോഡിനുമായി പ്രഖ്യാപിക്കപ്പെട്ടു.
ഇതില്‍ 20 ശതമാനം തുക കണ്ടെത്തേണ്ടിയിരുന്നത് പനമരം, പുല്‍പ്പള്ളി പഞ്ചായത്തുകളും മാനന്തവാടി നഗരസഭയുമായിരുന്നു. എന്നാല്‍ പൈലിങ് പ്രവൃത്തികള്‍ വരെ തീരുമാനിച്ചെങ്കിലും മറ്റുപല കാരണങ്ങളാല്‍ പദ്ധതി നടക്കാതെ പോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. ഇതിനോടൊപ്പം പ്രഖ്യാപിക്കപ്പെട്ട ചേകാടി വനഗ്രാമത്തെ ബന്ധപ്പെടുത്തുന്ന ചേകാടി പാലം നിര്‍മാണം പൂര്‍ത്തിയാക്കി വാഹനങ്ങള്‍ ഓടിത്തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കോളോത്ത് പാലം വന്നാല്‍ ജില്ലയിലെ ടൂറിസത്തിനും മുതല്‍ക്കൂട്ടാവുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു.
നിലവില്‍ നീര്‍വാരം, ദാസനക്കര പ്രദേശത്തെ വിദ്യാര്‍ഥികള്‍ അടക്കമുള്ളവര്‍ പുഞ്ചവയല്‍ വഴി ആറ് കിലോമീറ്ററോളം ചുറ്റിയാണ് പനമരത്തേക്ക് യാത്ര ചെയ്യുന്നത്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് ദാസനക്കര-പനമരം-നീരവാരം റൂട്ട്. വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ ദാസനക്കരയില്‍ ആനക്കൂട്ടങ്ങളെത്തുന്നത് പതിവാണ്. കൊവിഡ് തുടങ്ങിയതിന് ശേഷം നീര്‍വാരത്തുകാരുടെ യാത്ര ദുസ്സഹമാണെന്ന് ഇവിടെയുള്ളവര്‍ പറയുന്നു.
ആകെയുള്ളത് സര്‍ക്കാര്‍ ബസ് മാത്രമാണ്. ചെറകാട്ടൂര്‍, കോളോം കടവ് ഭാഗത്തുള്ള നിരവധി കുട്ടികള്‍ പഠിക്കുന്നത് നീര്‍വാരം സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലാണ്. നീര്‍വാരത്തുള്ളവര്‍ പനമരം സര്‍ക്കാര്‍ ഹയര്‍സെക്കൻഡറി സ്‌കൂളിലും വന്ന് പഠിക്കുന്നുണ്ട്. പാലമുണ്ടായിരുന്നെങ്കില്‍ വെറും മൂന്നുകിലോമീറ്റര്‍ പിന്നിട്ടാല്‍ സ്‌കൂളിലെത്താവുന്ന സ്ഥാനത്ത് ആറ് കിലോമീറ്റര്‍ ചുറ്റിയാണ് കുട്ടികള്‍ യാത്ര ചെയ്യുന്നത്. പൊതുഗതാഗത സംവിധാനം കുറവായതിനാല്‍ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടും ഇവര്‍ക്കുണ്ട്.
ചെറിയ ദൂരമായിട്ട് പോലും ചിലവ് കൂടുന്ന യാത്രയാണിതെന്ന് നാട്ടുകാര്‍ പറഞ്ഞു. കേളോം കടവില്‍ പാലം വന്നാല്‍ അത് ടൂറിസത്തിന് കൂടി പ്രയോജനപ്പെടുത്താന്‍ കഴിയും. ബാണാസുര അണക്കെട്ട് സന്ദര്‍ശിക്കാനെത്തുന്നവര്‍ക്ക് പിന്നീട് സമയം പാഴാക്കാതെ എത്തിച്ചേരാവുന്ന ടൂറിസം കേന്ദ്രമാണ് കുറുവ ദ്വീപ്. കോളോം പ്രദേശത്തെയും നീര്‍വാരത്തെയും ബന്ധിപ്പിച്ച് പാലം വന്നാല്‍ ഇത് കൂടുതല്‍ എളുപ്പമാകും. മാനന്തവാടിക്കാര്‍ക്കും എളുപ്പത്തില്‍ കുറവയിലേക്ക് കേളോം വഴിയെത്താനാകും.
from Asianet News https://ift.tt/3HhGk4L
via IFTTT
No comments:
Post a Comment