ദില്ലി: കാര്‍ഷിക നിയമങ്ങള്‍ (Farm laws) പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ (PM Modi)പ്രഖ്യാപനത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ (Kisan Morcha) ജനറല്‍ ബോഡി ഇന്ന് ചേരും. സമരത്തെ സംബന്ധിച്ചുള്ള തീരുമാനത്തില്‍ നിര്‍ണായകമാണ് ഈ യോഗം. സമരം തുടരാന്‍ ഇന്നലെ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ തീരുമാനമായിരുന്നു. നിയമം റദ്ദാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാകാതെ പിന്‍വാങ്ങേണ്ട എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. ഉച്ചക്ക് ഒരു മണിക്ക് സിംഘുവിലാണ് (Singhu) യോഗം.
കര്‍ഷക സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചിരുന്നു. ട്രാക്ടര്‍ റാലി അടക്കം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം സമരം നടക്കും. കാബിനറ്റില്‍ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിന്‍വലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കുന്നതില്‍ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തിയതിന് ശേഷം മാത്രം സമരം അവസാനിപ്പിക്കുന്ന സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കൂ എന്ന് സമിതി വ്യക്തമാക്കി.
താങ്ങുവില ഉറപ്പാക്കാന്‍ നിയമം നിര്‍മിക്കാതെ സമരം നിര്‍ത്തില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിന്റെ ഭാവി തീരുമാനിക്കാന്‍ കിസാന്‍ കോര്‍ഡിനേഷന്‍ കമ്മറ്റി യോഗം സിംഘുവില്‍ ചേര്‍ന്നത്. നിയമങ്ങള്‍ പിന്‍വലിച്ചത് കൂടാതെ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ് നല്‍കുക എന്നതാണ് കര്‍ഷകരുടെ പ്രധാന ആവശ്യം.
സമരം പൂര്‍ണ വിജയമാകണമെങ്കില്‍ ഈക്കാര്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കണം. അതുവരെ ദില്ലി അതിര്‍ത്തിയില്‍ റോഡ് ഉപരോധിച്ചുള്ള സമരത്തില്‍ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്നും മരിച്ച കര്‍ഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കര്‍ഷക സംഘടനകള്‍ ഉന്നയിക്കുന്നു.
from Asianet News https://ift.tt/3kV9lcW
via IFTTT
No comments:
Post a Comment