കൊവിഡ് രണ്ടാം തരംഗത്തിനുശേഷം തുറന്ന കേരളത്തിലെ സിനിമാ തിയറ്ററുകള്‍ ദുല്‍ഖര്‍ നായകനായ 'കുറുപ്പി'ന്‍റെ (Kurup) വരവോടെ സജീവമായിരിക്കുകയാണ്. കൊവിഡ് കാലയളവില്‍ തിയറ്ററുകള്‍ മാസങ്ങളോളം അടഞ്ഞുകിടന്നിരുന്നതിനാല്‍ ഒട്ടനവധി മലയാള ചിത്രങ്ങളാണ് റിലീസ് ലക്ഷ്യമാക്കി തയ്യാറെടുത്തിരിക്കുന്നത്. ഈയാഴ്ച തിയറ്ററുകളിലേക്ക് മലയാളത്തില്‍ നിന്ന് മൂന്ന് പ്രധാന റിലീസുകളാണ് എത്തുന്നത്.
ആസിഫ് അലി, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിബു ജേക്കബ് ഒരുക്കിയ എല്ലാം ശരിയാകും (Ellam Sheriyakum), ഇന്ദ്രജിത്തിനെ നായകനാക്കി നവാഗതനായ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്‍ത ആഹാ (Aaha), അര്‍ജുന്‍ അശോകന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ചിദംബരം സംവിധാനം ചെയ്‍ത ജാന്‍.എ.മന്‍ (Janeman) എന്നിവയാണ് മലയാളത്തില്‍ നിന്ന് ഈ വാരം തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രങ്ങള്‍. എല്ലാ ചിത്രങ്ങളും വെള്ളിയാഴ്ചയാണ് (19) റിലീസ് ചെയ്യപ്പെടുക. ഇതേദിവസം മലയാളത്തില്‍ നിന്ന് ഒരു പ്രധാന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയും എത്തുന്നുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി (Churuli) ആണ് ഇത്. ജല്ലിക്കട്ടിനു ശേഷം ലിജോ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രം സോണി ലിവ് പ്ലാറ്റ്‍ഫോമിലൂടെ ഇതേദിവസമാണ് എത്തുക.
കുറുപ്പിനു പിന്നാലെ പുതിയ ചിത്രങ്ങളും എത്തുന്നതോടെ തിയറ്ററുകളില്‍ പ്രേക്ഷകര്‍ തുടരുമെന്നാണ് സിനിമാമേഖലയുടെ വിലയിരുത്തല്‍. വരും ആഴ്ചകളില്‍ സൂപ്പര്‍താരങ്ങളുടെ വന്‍ ചിത്രങ്ങളും എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ കാവല്‍, മോഹന്‍ലാലിന്‍റെ മരക്കാര്‍ എന്നിവയാണ് അക്കൂട്ടത്തിലെ പ്രധാന റിലീസുകള്‍. ഈ മാസം 25നാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്‍ത കാവല്‍ എത്തുക. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ 100 കോടി ബജറ്റിലുള്ള പിരീഡ് ഡ്രാമ മരക്കാര്‍ ഡിസംബര്‍ 2നും തിയറ്ററുകളില്‍ എത്തും. മരക്കാര്‍ റിലീസിനോടടുപ്പിച്ച് തിയറ്ററുകളിലെ 50 ശതമാനം പ്രവേശനത്തില്‍ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
from Asianet News https://ift.tt/3wWCaKv
via IFTTT
No comments:
Post a Comment