ദുബൈ: എക്‌സ്പോ 2020ക്ക് ദുബൈയില്‍ പ്രൗഢഗംഭീര തുടക്കം. സാങ്കേതിക വിദ്യകളുടെ വിസ്മയങ്ങളും, കലാപ്രകടനങ്ങളും ഉദ്ഘാടന ചടങ്ങുകള്‍ക്ക് കൊഴുപ്പേകി. ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള ഭരണാധികാരികള്‍ ചടങ്ങില്‍ പങ്കെടുത്തു.
കൊവിഡ് സാഹചര്യത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരുന്നു ക്ഷണം. ഇന്ത്യയടക്കം 191 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ കല, ശാസ്ത്രം, വാണിജ്യം തുടങ്ങിയ മേഖലകളിലെ നേട്ടങ്ങള്‍ പ്രദര്‍ശിപ്പിക്കും. മനസുകളെ ചേര്‍ത്തു നിര്‍ത്തി നമുക്ക് ഭാവിയിലേക്ക് നടക്കാമെന്ന പ്രമേയത്തില്‍ നടക്കുന്ന എക്‌സ്‌പോ ആറുമാസം നീണ്ടു നില്‍ക്കും.
എക്‌സ്‌പോ ഗ്രാമത്തിലെ പ്രധാന വേദിയില്‍ ഇന്ന് രാത്രി യുഎഇ സമയം 7.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. ലോകപ്രശസ്ത സംഗീതജ്ഞര്‍ പങ്കെടുക്കുന്ന സംഗീത പരിപാടികള്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മിഴിവേകി. virtualexpo.world, Expo 2020 TV എന്നിവ വഴി തത്സമയം പരിപാടികള്‍ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
2021 ഒക്ടോബര്‍ ഒന്നുമുതല്‍ 2022 മാര്‍ച്ച് 31 വരെ എക്‌സ്‌പോ നീളും. ആറു മാസത്തിനിടെ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണ ഏഷ്യ എന്നിവിടങ്ങളിലെ ആദ്യ ലോക എക്സ്പോയാണിത്.
അതേസമയം എക്സ്പോ 2020ലെ സന്ദര്‍ശകര്‍ക്ക് കൊവിഡ് വാക്സിനേഷന്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ പി.സി.ആര്‍ പരിശോധന നടത്തി കൊവിഡ് ഇല്ലെന്ന് ഉറപ്പാക്കണം. സന്ദര്‍ശകര്‍ അവരവരുടെ രാജ്യത്ത് അംഗീകാരമുള്ള വാക്സിനുകള്‍ എടുത്താല്‍ മതിയാവും. അല്ലെങ്കില്‍ 72 മണിക്കൂറിനിടെയുള്ള പിസിആര്‍ പരിശോധനാ ഫലം ഹാജരാക്കണം. 18 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിബന്ധനകള്‍ ബാധകം. വാക്സിനെടുക്കാത്തവര്‍ക്ക് എക്സ്പോ വേദിക്ക് സമീപത്ത് തന്നെ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താനുള്ള സംവിധാനമൊരുക്കിയിട്ടുണ്ട്.
from Asianet News https://ift.tt/3F8v2i7
via IFTTT
No comments:
Post a Comment