സംവിധാനം ചെയ്‍ത രണ്ട് സിനിമകളിലൂടെ തെന്നിന്ത്യയിലാകെ ശ്രദ്ധ നേടിയ തമിഴ് സംവിധായകനാണ് മാരി സെല്‍വരാജ് (Mari Selvaraj). പരിയേറും പെരുമാള്‍, കര്‍ണ്ണന്‍ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്‍ത ചിത്രങ്ങള്‍. ഇപ്പോഴിതാ ഉദയനിധി സ്റ്റാലിനെ (Udhayanidhi Stalin) നായകനാക്കി പുതിയ സിനിമ ഒരുക്കാനുള്ള ആലോചനകളിലാണ് മാരി സെല്‍വരാജ്. മലയാളത്തില്‍ നിന്ന് ഒരു പ്രധാന താരത്തെയും ഈ ചിത്രത്തിലേക്ക് അദ്ദേഹം കാസ്റ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റാരുമല്ല, ഫഹദ് ഫാസില്‍ (Fahadh Faasil) ആണ് അത്.
മലയാളത്തിന് പുറത്ത് രണ്ട് വലിയ പ്രോജക്റ്റുകളുടെ ഭാഗമാണ് ഫഹദ് ഇപ്പോള്‍. കമല്‍ ഹാസന്‍, വിജയ് സേതുപതി എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ലോകേഷ് കനകരാജ് ചിത്രം 'വിക്രം', അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം 'പുഷ്‍പ' എന്നിവയാണ് അവ. രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലേക്ക് ഫഹദിന് ക്ഷണമുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫഹദ് ഈ പ്രോജക്റ്റിന് യെസ് മൂളിയിട്ടില്ലെന്നാണ് വിവരം. ഇക്കൂട്ടത്തിലേക്കാണ് മാരി സെല്‍വരാജ് ചിത്രവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഉദയനിധി സ്റ്റാലിന്‍ നായകനാവുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറില്‍ അദ്ദേഹം തന്നെയാണ്. ഒരു പ്രധാന വേഷത്തിലേക്കാണ് മാരി സെല്‍വരാജ് ഫഹദിനെ പരിഗണിക്കുന്നതെന്നും എന്നാല്‍ ഫഹദ് ഇതുവരെ സമ്മതം നല്‍കിയിട്ടില്ലെന്നും സിഫി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഈ ചിത്രം കൊണ്ട് അഭിനയജീവിതം അവസാനിപ്പിക്കാനാണ് ഉദയനിധിയുടെ പദ്ധതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സിനിമ വിട്ട് മുഴുവന്‍ സമയം രാഷ്‍ട്രീയ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങാനാണത്രെ അദ്ദേഹത്തിന്‍റെ ആലോചന.
from Asianet News https://ift.tt/3zSVHeM
via IFTTT
No comments:
Post a Comment