സൂറിച്ച്: രണ്ട് വര്‍ഷത്തിലൊരിക്കല്‍ ഫുട്ബോള്‍ ലോകകപ്പ്(Biennial FIFA World Cup) നടത്താനുള്ള ഫിഫ(FIFA) നീക്കത്തിന് ആരാധകരുടെ പിന്തുണ. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തണോ എന്നറിയാനായി ആരാധകര്‍ക്കിടയില്‍ ഫിഫ നടത്തിയ സര്‍വെയില്‍ 63.7 ശതമാനം പേരും അനുകൂല നിലപാടാണെടുത്തത്. ഓഗസ്റ്റ്-നവംബര്‍ മാസങ്ങളിലായി 140 രാജ്യങ്ങളില്‍ നിന്നായി ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്.
സര്‍വെയില്‍ പങ്കെടുത്തവരില്‍ 64 ശതമാനം പേരും തങ്ങളുടെ പ്രിയപ്പെട്ട കായിക ഇനമായി ഫുട്ബോളിനെ തെരഞ്ഞെടുത്തു. ഫുട്ബോള്‍ ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിനെക്കുറിച്ച് സാധ്യതാ പഠനം നടത്താന്‍ മെയ് മാസത്തിലാണ് ഫിഫ യോഗത്തില്‍ 166 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തത്. തുടര്‍ന്നാണ് ആരാധകരുടെ മനസറിയാന്‍ ഫിഫ സര്‍വെ നടത്തിയത്.
ഫിഫ ഗ്ലോബല്‍ ഫുട്ബോള്‍ ഡെവലപ്മെന്‍റ് തലവനും മുന്‍ ആഴ്സണല്‍ പരിശീലകനുമായ ആഴ്സന്‍ വെംഗര്‍ മുന്നോട്ടുവെച്ച ആശയത്തിന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയുടെ പിന്തുണയുമുണ്ട്. എന്നാല്‍ ഫിഫ ഇത്തരമൊരും നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ തന്നെ യൂറോപ്പിലെ പ്രബലരായ ക്ലബ് ഉടമകളില്‍ നിന്ന് ശക്തമായ എതിര്‍പ്പാണ് നേരിടേണ്ടിവന്നത്.
സര്‍വെയില്‍ ഏഷ്യയില്‍ നിന്നുള്ള ആരാധകരാണ് ലോകകപ്പ് രണ്ട് വര്‍ഷത്തിലൊരിക്കല്‍ നടത്തുന്നതിനെ ഏറ്റവും കൂടുതല്‍ അനുകൂലിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സര്‍വെയില്‍ പങ്കെടുത്ത ഏഷ്യയില്‍ നിന്നുള്ള ആരാധകരില്‍ 85 ശതമാനം പേരും രണ്ടുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പെന്ന ആശയത്തെ അനുകൂലിച്ചപ്പോള്‍ 81.7 ശതമാനം പേരും രണ്ടു വര്‍ഷത്തിലൊരിക്കല്‍ വനിതാ ലോകകപ്പും നടത്തണമെന്ന അഭിപ്രായക്കാരാണ്.
ക്ലബ്ബ് ഉടമകളുടെ എതിര്‍പ്പിന് പിന്നില്‍
രണ്ടു വര്‍ഷത്തിലൊരിക്കല്‍ ലോകകപ്പെന്ന ആശയത്തെ ഏറ്റവും കൂടുതല്‍ എതിര്‍ക്കുന്നത് യൂറോപ്പിലെ ക്ലബ്ബ് ഭീമന്‍മാരാണ്. നിലവില്‍ പ്രധാന ലീഗുകള്‍ അവസാനിച്ചശേഷം അടുത്ത സീസണിന്‍റെ ഇടവേള സമയത്താണ് ജൂണ്‍-ജൂലൈ മാസങ്ങളിലായി നാലുവര്‍ഷത്തിലൊരിക്കല്‍ ലോകകപ്പ് നടത്തുന്നത്. ഇത് രണ്ട് വര്‍ഷത്തിലൊരിക്കലാക്കുമ്പോള്‍ കളിക്കാരുടെ ജോലിഭാരം കൂടും. ഇതുവഴി കളിക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യതയും കൂടുമെന്നും പൊന്നുംവിലയുള്ള താരങ്ങളുടെ സേവനം ക്ലബ്ബിന് ലഭിക്കാതെ വമെന്നുമാണ് ക്ലബ്ബുകളുടെ ആശങ്ക. ഇതിന് പുറമെ ലീഗ് മത്സരങ്ങള്‍ക്ക് കാഴ്ചക്കാരെയും സ്പോണ്‍സര്‍മാരെയും നഷ്ടമാവുന്നത് വഴി വന്‍ സാമ്പത്തിക നഷ്ടത്തിലേക്ക് ക്ലബ്ബുകള്‍ കൂപ്പുകുത്തുമോ എന്ന ആശങ്കയും ക്ലബ്ബ് ഉടമകള്‍ക്കുണ്ട്.
ഫുട്ബോളിന്‍റെ പാരമ്പര്യത്തെ തന്നെ തകര്‍ക്കുന്ന ആശയമാണിതെന്നായിരുന്നു സ്പാനിഷ് ലാ ലിഗ പ്രസിഡന്‍റ് ജാവിയര്‍ ടെബാസ് ഇതിനെക്കുറിച്ച് പറഞ്ഞത്. ഫുട്ബോള്‍ കലണ്ടര്‍ തന്നെ മാറ്റി മറിക്കേണ്ടിവരുമെന്നും ഇതുമൂലം നിരവധി ആഭ്യന്തര ഫുട്ബോള്‍ ലീഗുകള്‍ തകരുമെന്നും ടെബാസ് അഭിപ്രായപ്പെടുന്നു.
from Asianet News https://ift.tt/3F5uyc8
via IFTTT
No comments:
Post a Comment