വയനാട്: വയനാട് (Wayanad) കുറുക്കൻമൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ (Tiger) കണ്ടെത്താൻ വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് സ്ഥലത്തെത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസാണ് കുറുക്കന്മൂലയിലെത്തുക. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ള വനം വകുപ്പിലെ ആറ് സംഘങ്ങൾ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി കുറുക്കന്മൂലയിലും പയ്യമ്പള്ളിയിലും വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് തെരച്ചിലിന് കൊണ്ടുവന്ന കുങ്കിയാനകളെ ഇന്ന് തോട്ടം മേഖലയിലും കൊണ്ടു പോകും. കഴിഞ്ഞ ദിവസം പശുവിനെ കൊന്ന വീടിന് സമീപത്തും കൂട് സ്ഥാപിച്ചു.
ആ കടുവ വയനാട്ടിലേത് അല്ല
കുറുക്കന്മൂലയിൽ വളർത്തു മൃഗങ്ങളെ വേട്ടയാടുന്ന കടുവ വയനാട്ടിലെ കണക്കിൽപ്പെട്ടതല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കടുവ ഏത് സംസ്ഥാനത്തിന്റേതാണെന്ന് കണ്ടെത്താൻ ചിത്രങ്ങൾ ദേശീയ കടുവ സംരക്ഷണ അതോറിറ്റിക്കയച്ച് കാത്തിരിക്കുകയാണ്. കഴുത്തിൽ ആഴത്തിൽ മുറിവേറ്റ കടുവയെ മയക്കുവെടി വെയ്ക്കുന്നത് ദുഷ്കരമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
കുറുക്കൻമൂല പാൽവെളിച്ചം വനമേഖലയിൽ വനപാലകർ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിലാണ് കടുവയുടെ ചിത്രങ്ങൾ പതിഞ്ഞത്. ദേഹത്ത് മാരക മുറിവുകളേറ്റതാണ് കടുവ ജനവാസ മേഖലയിൽ ഇറങ്ങി വളർത്തുമൃഗങ്ങളെ പിടിക്കുന്നതെന്നാണ് നിഗമനം. കടുവകളുടെ കണക്കെടുപ്പിൽ വയനാട്ടിൽ 154 കടുവകളാണുള്ളത്. ഈ പട്ടികയിൽ കുറുക്കൻമൂലയിൽ പരിഭ്രാന്തി പരത്തുന്ന കടുവ ഉൾപ്പെട്ടിട്ടില്ല. കർണാടകയിലെ പട്ടികയിൽ ഉൾപ്പെട്ടതാണോ എന്ന് ഇന്ന് അറിയാമെന്ന് ഉത്തര മേഖല സിസിഎഫ് ഡി കെ വിനോദ് കുമാർ പറഞ്ഞു. വയനാട് വന്യജീവി സങ്കേതത്തിൽ നിന്ന് കൊണ്ടുവന്ന 2 കുങ്കിയാനകളും കടുവയ്ക്ക് വേണ്ടി തെരച്ചിൽ തുടങ്ങിയിട്ടുണ്ട്.
from Asianet News https://ift.tt/3sdyiVq
via IFTTT
No comments:
Post a Comment