എടത്വാ: പഴമയുടെ പെരുമ മാത്രം അവശേഷിച്ച തലവടി മാണത്താറ ലൈബ്രറി (Library) കെട്ടിടം തകർച്ചയുടെ വക്കിൽ. ചിതലരിച്ച കെട്ടിടം ഏത് നിമിഷവും നിലംപൊത്താറായ അവസ്ഥയിലാണുള്ളത്. ഒൻപതര പതിറ്റാണ്ട് പിന്നിട്ട തലവടി മാണത്താറ ലൈബ്രറി കെട്ടിടമാണ് മേൽക്കൂരയും കതകും ജനാലയും ചിതലരിച്ച് ജീർണ്ണാവസ്ഥയിലായത്. 1928-ൽ പൊതുജന പങ്കാളിത്വത്തോടെ മാണത്താറ ദേവസ്വത്തിന്റെ സ്ഥലത്താണ് കെട്ടിടം നിർമ്മിച്ചത്. സ്വന്തമായി സ്ഥലമില്ലാത്തതിന്റെ പേരിൽ കെട്ടിട നിർമ്മാണത്തിന് ആദ്യകാലത്ത് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നില്ല.
ലൈബ്രറിക്ക് സ്വന്തമായി സ്ഥലം വേണമെന്നാവശ്യപ്പെട്ട് ദേവസ്വം ഭാരവാഹികളെ ലൈബ്രറി പ്രവർത്തകർ സമീപിച്ചു. ആദ്യഘട്ടത്തിൽ ദേവസ്വം ഭാരവാഹികളിൽ നിന്ന് എതിർപ്പുണ്ടായെങ്കിലും പിന്നീട് ആറര സെന്റ് സ്ഥലം ലൈബ്രറിക്കായി വിട്ടുനൽകുകയായിരുന്നു. പതിറ്റാണ്ടുകൾക്ക് മുൻപ് ലൈബ്രറിക്ക് സ്വന്തമായി സ്ഥലം ലഭിച്ചെങ്കിലും കെട്ടിടം നിർമ്മിക്കാനുള്ള ഫണ്ട് സാംസ്കാരിക വകുപ്പോ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ അനുവദിച്ചിരുന്നില്ല. ലൈബ്രറിയുടെ ദൈന്യംദിന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് കണ്ടെത്താൻ പോലും ലൈബ്രറി ഭാരവാഹികൾ വിഷമിക്കുകയാണ്.
റഫറൻസ് റീഡിംഗ് റൂം ഉൾപ്പെടെ പത്ര, മാസിക വായനശാല പ്രവർത്തിക്കുന്ന കെട്ടിടം നിലം പൊത്താറായ അവസ്ഥയിൽ എത്തിയിരിക്കുകയാണ്. ആയിരകണക്കിന് പുസ്തകമുള്ള ഗ്രന്ഥശാലയെ 2018 -ലെ പ്രളയം അപ്പാടെ തകർത്തിരുന്നു. അപൂർവ്വമായ നിരവധി ഗ്രന്ഥങ്ങൾ വെള്ളപ്പൊക്കത്തിലും ചോർന്നൊലിച്ചും നശിച്ചിട്ടുണ്ട്. നൂറ്റാണ്ടിന്റെ പൈത്യുകം പേറുന്ന മാണത്താറ ഗ്രന്ഥശാല കെട്ടിടത്തിന്റെ പുനർ നിർമ്മാണത്തിനായി ഭാരവാഹികൾ മുട്ടാത്ത വാതിലുകളില്ല. സാംസ്കാരിക വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന് ലൈബ്രറി പ്രവർത്തകർ ആവശ്യപ്പെടുന്നു.
from Asianet News https://ift.tt/3cMd0VS
via IFTTT
No comments:
Post a Comment