ദില്ലി: വിവാദ കാര്‍ഷിക നിയമങ്ങൾക്കെതിരെ തുടങ്ങിയ കര്‍ഷകരുടെ സമരത്തിന് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ വര്‍ഷം നവംബര്‍ 26ന് ദില്ലിയിലേക്ക് പുറപ്പെട്ട ദില്ലി ചലോ മാര്‍ച്ച് 27നാണ് ദില്ലി അതിര്‍ത്തിലെ സിംഗുവിൽ എത്തിയത്. സമരക്കാരെ അതിര്‍ത്തിയിൽ പൊലീസ് തടഞ്ഞു. ഇതോടെ സിംഗു കര്‍ഷകരുടെ സമരകേന്ദ്രമായി. അതിന് പിന്നാലെ ദില്ലിയുടെ മറ്റ് അതിര്‍ത്തികളായ ടിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളിലേക്കും കര്‍ഷകര്‍ എത്തിയതോടെ സമരം കൂടുതൽ ശക്തമായി. സംഭവബഹുലമായിരുന്നു ഒരു വര്‍ഷം നീണ്ട കര്‍ഷകരുടെ പോരാട്ടം. യുപിയിലും പഞ്ചാബിലും തെരഞ്ഞെടുപ്പ് വരാനിരിക്കെ കഴിഞ്ഞ 19ന് കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
അതേസമയം എംഎസ്പി അടക്കം കൂടുതൽ ആവശ്യങ്ങൾ മുന്നോട്ടുവെച്ച് സമരം കടുപ്പിക്കുകയാണ് കര്‍ഷകര്‍. സമരത്തിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായി ദില്ലിയുടെ അതിര്‍ത്തികളിൽ ഇന്ന് കൂടുതൽ കര്‍ഷകരെത്തും. അതിര്‍ത്തികളിൽ പ്രകടനങ്ങളും ട്രാക്ടര്‍ റാലികളും നടന്നേക്കും
താങ്ങുവില നിയമമില്ലെങ്കിൽ സമരം തീരില്ല
കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനൊപ്പം താങ്ങുവിലക്കായി നിയമം കൂടി കൊണ്ടുവന്നാൽ മാത്രമെ സമരം അവസാനിപ്പിക്കൂ എന്നതാണ് കര്‍ഷകരുടെ നിലപാട്.
കൃഷി ചെലവിന്‍റെ ഒന്നര ഇരട്ടി വരുമാനം കര്‍ഷകന് ഉറപ്പാക്കണം എന്ന എം എസ് സ്വാമിനാഥൻ കമ്മീഷൻ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകണം ഇതെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. അതേസമയം താങ്ങുവിലക്കായി പ്രത്യേക നിയമം കൊണ്ടുവരുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നു
കൃഷിക്കായി ആകെ വരുന്ന ചെലവ് 100 രൂപയാണെങ്കിൽ 150 രൂപയുടെ വരുമാനം കാര്‍ഷികോല്പന്നങ്ങളിലൂടെ കര്‍ഷകന് ഉണ്ടാകണം എന്നതായിരുന്നു എം.എസ് സ്വാമിനാഥൻ കമ്മീഷൻ 2006ൽ കേന്ദ്ര സര്‍ക്കാരിന് നൽകിയ ശുപാര്‍ശ. ഇതുപ്രകാരം താങ്ങുവില നിശ്ചയിച്ചാൽ ഒരു ക്വിന്‍റൽ നെല്ലിന് ഇന്ന് കിട്ടുന്ന തുകയേക്കാൾ 650 രൂപ കര്‍ഷകന് അധികം ലഭിക്കും. ഒരു ക്വിന്‍റൽ പരിപ്പിന് ഇപ്പോൾ കിട്ടുന്ന 6500 രൂപ 7936 രൂപയായി ഉയരും. ഈ രീതിയിൽ ചെലവിന്‍റെ 50 ശതമാനമെങ്കിലും വരുമാനം ഉറപ്പാക്കുന്ന തരത്തിൽ താങ്ങുവില നിയമം കൊണ്ടുവരണം. കേന്ദ്രം നിശ്ചയിക്കുന്ന താങ്ങുവിലയിൽ കുറച്ച് ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നത് കുറ്റകരമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു
ഓരോ സംസ്ഥാനങ്ങളിലും ഭക്ഷ്യധാന്യ സംഭരണത്തിന് വ്യത്യസ്ഥ രീതികളാണ് നിലവിലുള്ളത്. കൃഷി ചെലവും കൃഷി രീതികളും വ്യത്യസ്ഥമാണ്. അതിനെ എകീകരിക്കാൻ ഒരു സംവിധാനം ഉണ്ടാക്കാം എന്നതിനപ്പുറത്ത് ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചുള്ള നിയമം പ്രായോഗികമല്ല. മാത്രമല്ല, നിശ്ചിത വിലയിൽ കുറഞ്ഞ് ഉല്പന്നങ്ങൾ വാങ്ങാനാകില്ല എന്നത് നിയമമായാൽ അത് കാര്‍ഷിക വ്യാപാര മേഖലയെ ബാധിക്കുമെന്നും കേന്ദ്രം വാദിക്കുന്നു.
കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതാണ് ഈ നിലപാടെന്ന് കര്‍ഷകര്‍ വിമര്‍ശിക്കുമ്പോൾ സര്‍ക്കാരിനും കര്‍ഷകര്‍ക്കും ഇടയിലെ ദൂരം വീണ്ടും കൂടുകയാണ്. 29ന് തുടങ്ങുന്ന പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളത്തിന്‍റെ ആദ്യ ദിനത്തിൽ തന്നെ കാര്‍ഷിക നിയമങ്ങൾ പിൻവലിക്കുന്നതിനുള്ള ബില്ല് സര്‍ക്കാര്‍ അവതരിപ്പിച്ചേക്കും. താങ്ങുവിലക്കായി അത്തരം എന്തെങ്കിലും നീക്കം ഇതുവരെ സര്‍ക്കാര്‍ തുടങ്ങിയിട്ടില്ല. അതിനാൽ ഈ സമ്മേളന കാലത്ത് നിര്‍ണായകമാകും കര്‍ഷകരുടെ നീക്കങ്ങൾ.
from Asianet News https://ift.tt/3DWchNA
via IFTTT
No comments:
Post a Comment