നാലാമത്തെ വയസിലാണ് അവനെ സ്വന്തം കുടുംബത്തിൽ നിന്നും മാറ്റി ഒരാൾ കൊണ്ടുപോകുന്നത്. എന്നാല്‍, തന്‍റെ സ്വന്തം കുടുംബത്തെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആ യുവാവ്. അങ്ങനെ തന്‍റെ ഓര്‍മ്മയിലുള്ള സ്ഥലത്തിന്‍റെ മാപ്പ്(Map) വരച്ച ശേഷം അത് ഓണ്‍ലൈനി(Online)ല്‍ പോസ്റ്റ് ചെയ്തു. അത് ചൈന(China)യില്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയും ഒടുവില്‍ അവന് തന്‍റെ കുടുംബത്തെ കണ്ടെത്താന്‍ സാധിക്കുകയും ചെയ്‍തിരിക്കുകയാണ്. 33 വര്‍ഷത്തിനുശേഷം അങ്ങനെ അയാള്‍ തന്‍റെ അമ്മയെ കണ്ടു.
ഇപ്പോൾ തെക്കൻ ചൈനയിലെ ഗ്വാങ്‌ഡോംഗ് പ്രവിശ്യയിൽ ജോലി ചെയ്യുന്ന ലി ജിംഗ്‌വെ(Li Jingwei)യ്‌ക്ക് തന്നെ കുട്ടിക്കാലത്ത് വീട്ടിൽ നിന്നും മാറ്റി കൊണ്ടുപോയതാണ് എന്ന് അറിയാമായിരുന്നു. എന്നാൽ, തന്റെ മാതാപിതാക്കളുടെ പേരുകളോ ഗ്രാമമോ തന്‍റെ യഥാർത്ഥ പേരോ ഒന്നും അവന് ഓര്‍മ്മയില്ലായിരുന്നു. ദത്തെടുത്ത മാതാപിതാക്കളിൽ നിന്ന് വിവരങ്ങളൊന്നും ലഭിക്കാത്തതിനാലും ദേശീയ ഡാറ്റാബേസിലേക്ക് അവന്റെ ഡിഎൻഎ നൽകാത്തതിനാലും തന്‍റേതായ രീതിയില്‍ അന്വേഷണം തുടങ്ങാന്‍ ലി തീരുമാനിക്കുകയായിരുന്നു. അതിനായി ഇന്‍റര്‍നെറ്റിന്‍റെ സഹായം തേടാനും തീരുമാനിച്ചു.
ഡിസംബർ 24 -ന്, ടിക് ടോക്കിന്റെ ചൈനാ പതിപ്പായ ഡൂയിനിൽ ലി ഒരു വീഡിയോ പോസ്റ്റ് ചെയ്തു. തന്റെ കുട്ടിക്കാലത്തെ വീടിന്റെ ഓർമ്മയിൽ നിന്ന് വരച്ച ഒരു ഭൂപടം ആയിരുന്നു അത്. ഒരു സ്‌കൂൾ, മുളങ്കാട്, ഒരു ചെറിയ കുളം തുടങ്ങിയവയെല്ലാം അതിലുണ്ടായിരുന്നു. 'ഞാൻ അവന്റെ വീട് കണ്ടെത്തുന്ന ഒരു കുട്ടിയാണ്. 1989 -ൽ എനിക്ക് ഏകദേശം നാല് വയസ്സുള്ളപ്പോൾ ഒരു അയൽക്കാരൻ എന്നെ ഹെനാനിലേക്ക് കൊണ്ടുപോയി' അദ്ദേഹം വീഡിയോയിൽ പറഞ്ഞു. 'ഇത് ഞാൻ ഓർമ്മയിൽ നിന്ന് വരച്ച എന്റെ വീടിന്റെ പ്രദേശത്തിന്റെ ഭൂപടമാണ്' എന്നും ലി വിശദീകരിച്ചു.
അധികാരികളുടെ സഹായത്തോടെ, ലിയുടെ ജന്മദേശം യുനാനിലെ ഒരു പർവത നഗരമായ ഷാതോങ്ങാണ് എന്ന് സ്ഥിരീകരിച്ചു. പ്രാദേശിക റിപ്പോർട്ടുകൾ അനുസരിച്ച്, ഏകദേശം 2,000 കിലോമീറ്റർ അകലെയുള്ള ഹെനാൻ പ്രവിശ്യയിലെ ലങ്കാവോ കൗണ്ടിയിലെ ഒരു ആൺകുട്ടിയെ ആഗ്രഹിച്ചിരുന്ന ഒരു കുടുംബത്തിന് ലിയെ വില്‍ക്കുകയായിരുന്നു. ലിയുടെ കഥ പെട്ടെന്ന് മാധ്യമങ്ങളുടെയും പ്രാദേശിക അധികാരികളുടെയും നെറ്റിസൺമാരുടെയും ശ്രദ്ധ ആകർഷിച്ചു. ദിവസങ്ങൾക്കുള്ളിൽ, അവന്റെ അമ്മയാകാൻ സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്ന യുനാനിലെ ഒരു സ്ത്രീ ഉൾപ്പെടെ, കുടുംബാംഗങ്ങളുമായി അദ്ദേഹത്തിന് ബന്ധപ്പെടാൻ സാധിച്ചു.
സ്ത്രീയുമായുള്ള ഒരു ഫോൺകോളിൽ, ആൺകുട്ടിയായിരിക്കുമ്പോൾ ഗോവണിയിൽ നിന്ന് വീണപ്പോള്‍ അവന്റെ താടിയിലുണ്ടായ ഒരു പാട് അവർ കൃത്യമായി വിവരിച്ചു. അടുത്തത് ഡിഎൻഎ ടെസ്റ്റുകൾ ആയിരുന്നു, ഡിസംബർ 28 -ന് ചൈനയുടെ പൊതുസുരക്ഷാ മന്ത്രാലയത്തിന്റെ ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ഓഫീസിന്റെ ഡൂയിൻ അക്കൗണ്ട് ഇരുവരും തമ്മില്‍ ബന്ധമുണ്ട് എന്നും അമ്മയാണ് എന്നും സ്ഥിരീകരിച്ചു. ലിയെയും അമ്മയെയും ശനിയാഴ്ച വീണ്ടും ഒന്നിപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തുമെന്നും അവർ കൂട്ടിച്ചേർത്തു. അവന്റെ അച്ഛൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല.
വെയ്‌ബോയിൽ, ലിയുടെ പോസ്റ്റുകൾ ഒരു ദശലക്ഷത്തിലധികം ആളുകള്‍ കണ്ടു. ലിയെ വീട്ടിൽ നിന്നും ചെറുപ്പത്തില്‍ മാറ്റിയതിനോട് പലരും രോഷം പ്രകടിപ്പിച്ചു. ഭർത്താവും രണ്ട് കുട്ടികളും 11 വയസ്സുള്ള പേരക്കുട്ടിയും അടക്കം നിരവധി കുടുംബാംഗങ്ങളുടെ മരണം കാണേണ്ടിവന്ന ലിയുടെ അമ്മയുടെ ദുരവസ്ഥയിൽ മറ്റുള്ളവർ സഹതപിച്ചു.
ഏതായാലും ലിയും അവന്‍റെ കുടുംബവും പരസ്പരം വീണ്ടും കണ്ടുമുട്ടാനാവുന്നതിന്‍റെ സന്തോഷത്തിലാണ്. 'മുപ്പത്തിമൂന്ന് വർഷത്തെ കാത്തിരിപ്പ്, ആഗ്രഹത്തിന്‍റെ എണ്ണമറ്റ രാത്രികൾ, ഒടുവിൽ ഓർമ്മയിൽ നിന്ന് കൈകൊണ്ട് വരച്ച ഒരു ഭൂപടം, ഇത് 13 ദിവസങ്ങൾക്ക് ശേഷം തികഞ്ഞ മോചനത്തിന്റെ നിമിഷമാണ്' ലി തന്റെ ഡൂയിൻ പ്രൊഫൈലിൽ കുറിച്ചു. 'എന്റെ കുടുംബവുമായി വീണ്ടും ഒന്നിക്കാൻ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി' എന്നും ലി കൂട്ടിച്ചേര്‍ത്തു.
from Asianet News https://ift.tt/3pH9ZND
via IFTTT
No comments:
Post a Comment