കൽപ്പറ്റ: കിഴക്കമ്പലം സംഭവത്തിൽ ( Kizhakambalam Clash) രൂക്ഷ പ്രതികരണവുമായി കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് (T Siddique). പൊലീസുകാർക്ക് ഡിവൈഎഫ്ഐ (DYFI) സംരക്ഷണമൊരുക്കും എന്ന കാപ്സ്യൂൾ വന്നോയെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു. പൊലീസ് ജീപ്പിന് മുകളിൽ അക്രമികൾ നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണായിരുന്നു ടി സിദ്ദിഖിന്റെ പ്രതികരണം. ഈ ചവിട്ടി നിൽക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഏൽപ്പിച്ചവരുടെ നെഞ്ചിലാണെന്നും ചിത്രത്തിനോട് ചേർത്ത് അദ്ദേഹം കുറിച്ചു.
അതേസമയം, എറണാകുളം കിഴക്കമ്പലത്ത് ക്രിസ്തുമസ് ആഘോഷത്തിന്റെ പേരിൽ കിറ്റക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ 24 പേരാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തില്‍ രണ്ട് ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തത്. വധശ്രമത്തിന് 18 പേരും പൊതുമുതൽ നശിപ്പിച്ചതിന് ആറ് അതിഥി തൊഴിലാളികളുമാണ് പിടിയിലായത്. പൊലീസ് വാഹനങ്ങൾ തീകത്തിച്ചവരെയടക്കം ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതിനിടെ പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിൽ പത്തൊൻപതംഗ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചു.
ഒരു രാത്രി മുഴുവൻ കിഴക്കമ്പലത്തെ മുൾമുനയിൽ നിർത്തിയായിരുന്നു അതിഥിത്തൊഴിലാളികളുടെ അഴിഞ്ഞാട്ടം. ക്രിസ്തുമസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ വാക്കേറ്റം തമ്മിൽത്തല്ലിൽ എത്തി. കയ്യാങ്കളി റോഡിലേക്ക് നീണ്ടതോടെയാണ് നാട്ടുകാർ പൊലീസിനെ അറിയിച്ചത്. പൊലീസെത്തിയിതോടെ തൊഴിലാളികൾ അവർക്കെതിരെ തിരിഞ്ഞു. കുന്നത്തുനാട് ഇൻസ്പെക്ടർ അടക്കമുളളവരെ കല്ലെറിഞ്ഞും മറ്റും ആക്രമിച്ചു.
ഒടുവിൽ പൊലീസ് വാഹനം ഉപേക്ഷിച്ച് ഉദ്യോഗസ്ഥർക്ക് രക്ഷപെടേണ്ടിവന്നു. ഒരു പൊലീസ് വാഹനം കത്തിച്ച അക്രമികൾ രണ്ടെണ്ണം അടിച്ചു തകർത്തു. തുടർന്ന് റൂറൽ എസ്പി അടക്കമുളളവ സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. തൊഴിലാളികളുടെ താമസസ്ഥലത്തടക്കം പരിശോധന നടത്തിയാണ് നൂറ്റിയൻപത്തിയാറ് പേരെ കസ്റ്റിഡിയിൽ എടുത്തത്. തുടർന്ന് വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെയാണ് അക്രമികളെ തിരിച്ചറിഞ്ഞത്.
from Asianet News https://ift.tt/32BaHmw
via IFTTT
No comments:
Post a Comment