തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷം കടുത്ത നിയന്ത്രണങ്ങളുടേതായി. രാത്രി കർഫ്യു ആരംഭിച്ച പത്ത് മണിയോടെ തന്നെ സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്കും കടിഞ്ഞാൺ വീണു. സംസ്ഥാനത്താകെ രാത്രി കർഫ്യു ആരംഭിച്ചതോടെതന്നെ ഏറക്കുറെ പുതുവർഷാഘോഷം അവസാനിച്ച മട്ടായിരുന്നു. നഗരകേന്ദ്രങ്ങളിലൊന്നും ആൾക്കുട്ടമില്ലാതെയാണ് കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി പുതുവർഷം പുലർന്നത്.
കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒന്‍പത് മണിമുതൽ നഗരത്തിലടക്കം നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കി. നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ നേരത്തെ തന്നെ ബീച്ചിൽ ആളുകൾ കുറഞ്ഞു തുടങ്ങി. കോഴിക്കോട് നഗരത്തിൽ ഏഴ് കേന്ദ്രങ്ങളിൽ പൊലിസ് പരിശോധന രാത്രിയിലും തുടരും. ഹോട്ടലുകളും ബാറുകളും ഒന്‍പത് മണിയോടെ പ്രവർത്തനം അവസാനിപ്പിച്ചു. വീട്ടിലിരുന്ന് ആഘോഷത്തിൽ പങ്കുചേരാൻ പൊതുജനങ്ങളെ ക്ഷണിക്കുകയായിരുന്നു കോഴിക്കോട് കളക്ടർ ഇൻസ്റ്റഗ്രാം പേജിലൂടെ ചെയ്തത്.
പുതുവത്സരആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും ഇത്തവണ പഴയ തിരക്കും ബഹളവും ഉണ്ടായിരുന്നില്ല. കൊവിഡ്, ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിക്കാരുടെ ഇത്തവണത്തെ ന്യൂ ഇയര്‍. 10 മണിയോടെ ബീച്ചിൽ നിന്നും ആളുകൾ പൂർണ്ണമായും ഒഴിഞ്ഞ് പോയിരുന്നു. നഗര ജനതയടക്കം എല്ലാവരും വീടുകളിലിരുന്നു പുതുവർഷത്തെ വരവേൽക്കുകയായിരുന്നു.
തിരുവനന്തപുരത്തും സമാനമായ സ്ഥിതിയാണ് അനുഭവപ്പെട്ടത്. പുതുവത്സരാഘോഷം പൊടിപൊടിക്കാറുള്ള കോവളം അടക്കമുള്ള ബീച്ചുകളില്‍ ആളുകളെ നേരത്തെ തന്നെ ഒഴിപ്പിച്ചു. ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലീസ് അനൌണ്‍സ്മെന്‍റുണ്ടായിരുന്നു. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കുകയായിരുന്നു പൊലീസ്. നഗരത്തിൽ പലയിടത്തും രാത്രി പത്ത് മണിയോടെ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
from Asianet News https://ift.tt/3qwDMbe
via IFTTT
No comments:
Post a Comment