കോഴിക്കോട്: വടകര മാഹി കനാലില്‍ നീന്തല്‍ പരിശീലനത്തിനിടെ മുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തുന്നതിനിടെ യുവാവ് മരിച്ചു. അരയക്കൂല്‍ താഴെ തട്ടാറത്ത് താഴെകുനി സ്വദേശി സഹീര്‍ (42) ആണ് മരണപ്പെട്ടത്. മാഹി കനാലില്‍ ചെമ്മരത്തൂര്‍ ഭാഗത്ത് നീന്തല്‍ പഠിക്കുന്നതിനിടെ മുങ്ങിയ കുട്ടിയെ രക്ഷപ്പെടുന്നതിനിടെയാണ് സഹീര്‍ അപകടത്തില്‍പ്പെട്ടത്.
നീന്തല്‍ വിദഗ്ധനായ സഹീര്‍ നിരവധി പേരെ അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയിരുന്നു.
മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തിയതിന് ശേഷം കുഴഞ്ഞ് വീണതാണെന്ന് കരുതുന്നത്. മുങ്ങി കാണാതായ സഹീറിനെ ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയർഫോഴ്സും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വടകര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്ന് വൈകിട്ടോടെയാണ് സംഭവം ഉണ്ടായത്. വടകര ഫയര്‍ഫോഴസ് ഓഫീസില്‍ നിന്നും രണ്ട് യൂണിറ്റും പേരാമ്പ്രയില്‍ ഒരു യൂണിറ്റും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.
ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ അരുണ്‍, വാസിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. കനാലിൽ ഒഴുക്കിൽപ്പെട്ടവരെ രക്ഷിച്ച സഹീറിൻ്റെ ദാരുണാന്ത്യം നാട്ടുകാരെ സങ്കടത്തിലാഴ്ത്തി. അപകടസ്ഥലത്ത് നാല് മീറ്ററോളം ആഴമുണ്ടായിരുന്നു. ചുഴിയുള്ള ഭാഗവുമാണിത്. ഈ പ്രദേശത്ത് ഇതിന് മുൻപ് നാല് പേർ മുങ്ങി മരിച്ചിരുന്നു. ആഴമുള്ള കനാലിൽ അപകട സാധ്യത മുന്നറിയിപ്പ് പോലുമില്ലെന്നും പരാതിയുണ്ട്.
from Asianet News https://ift.tt/3FL8UKX
via IFTTT
No comments:
Post a Comment