കല്‍പ്പറ്റ: വ്യാജ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുമായി (Fake insurance certificate) ജില്ലയില്‍ സര്‍വ്വീസ് നടത്തിയ സ്വകാര്യ ബസ് മോട്ടോര്‍ വാഹന വകുപ്പ്(Motor vehicle Department) എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടി. കല്‍പറ്റ- വടുവഞ്ചാല്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന KL-12ഡി 4120 സ്റ്റേജ് ക്യാരേജ് ബസാണ് പിടിച്ചെടുത്തത്. ബാങ്ക് ചെക്ക് നല്‍കി ഇന്‍ഷുറന്‍സ് പുതുക്കിയാണ് ഇവര്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
എന്നാല്‍ ചെക്കിന്റെ കാലാവധി കഴിഞ്ഞിട്ടും ഇന്‍ഷൂറന്‍സ് കമ്പനിക്ക് പണം ലഭിക്കാതെ വന്നതോടെ ഇന്‍ഷുറന്‍സ് പരിരക്ഷ കമ്പനി അധികൃതര്‍ റദ്ദാക്കിയിരുന്നു. ഇത്തരത്തില്‍ അസാധുവായ സര്‍ട്ടിഫിക്കറ്റുമായിട്ടായിരുന്നു ബസ് സര്‍വ്വീസ് നടത്തിയിരുന്നത്. വയനാട് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കിയുടെ നിര്‍ദേശ പ്രകാരം റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തി വന്ന ഊര്‍ജ്ജിത പരിശോധനയിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.വി. വിനീത്, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിയമലംഘനം കണ്ടെത്തിയത്.
നേരത്തെ കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് കണക്കിലെടുത്ത് സ്വകാര്യ ബസ് അമിത ചാര്‍ജ് ഈടാക്കി സര്‍വ്വീസ് നടത്തിയിരുന്നു. കോഴിക്കോട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്ന് കല്‍പറ്റയിലേക്ക് സര്‍വീസ് നടത്തിയ 'ഇരഞ്ഞിക്കോത്ത്' എന്ന ലിമിറ്റഡ് സ്റ്റോപ് ബസാണ് കല്‍പ്പറ്റ ടൗണില്‍ വെച്ച് പൊലീസ് പിടിച്ചെടുത്തത്. മോശമായി പെരുമാറിയെന്നും അമിതനിരക്ക് ഈടാക്കിയെന്നും കാണിച്ച് ബസ് ജീവനക്കാര്‍ക്കെതിരെ യാത്രക്കാര്‍ പൊലീസില്‍ രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് നിന്നും കല്‍പറ്റക്കുള്ള യാത്രക്ക് 200 രൂപയാണ് സ്വകാര്യ ബസ് അധികൃതര്‍ ടിക്കറ്റ് നിരക്കായി ഈടാക്കിയത്. 100 രൂപയില്‍ താഴെ നിരക്കുള്ളപ്പോഴാണ് ഭീമമായ സംഖ്യ ഈടാക്കിയത്. കണ്ടക്ടര്‍ നല്‍കിയ ടിക്കറ്റില്‍ കോഴിക്കോട് ജില്ലയിലെ തന്നെ പല സ്ഥലങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരാതിക്കൊപ്പം ഇത്തരത്തില്‍ ലഭിച്ച ടിക്കറ്റും പൊലീസിന് യാത്രക്കാര്‍ കൈമാറിയിരുന്നു.
അമിത ചാര്‍ജിനെ എതിര്‍ത്തവരെ ഇറക്കിവിട്ടില്ലെങ്കില്‍ ബസ് എടുക്കില്ലെന്ന തന്ത്രം ജീവനക്കാര്‍ പ്രയോഗിച്ചതോടെ കുറേ യാത്രക്കാര്‍ പ്രതികരിച്ചവര്‍ക്കെതിരെ തിരിഞ്ഞു. അമിത ചാര്‍ജ് നല്‍കാന്‍ പണം തികയാതെ വന്ന പലരും ബസില്‍വെച്ച് തന്നെ ഇതര യാത്രക്കാരോട് കടം വാങ്ങിയാണ് ടിക്കറ്റ് എടുത്തത്. ജീവനക്കാരുടെ ഭീഷണി തുടരുന്നതിനിടെ അമിത ചാര്‍ജിനെ ചോദ്യം ചെയ്ത യുവാക്കളില്‍ ചിലര്‍ പൊലീസ് സ്റ്റേഷനുകളില്‍ വിവരം ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ ഇളവുകള്‍ പലരും ദുരുപയോഗം ചെയ്യുന്നതായും ആരോപണമുണ്ട്. വയനാട്ടിലുടനീളം വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ അറിയിച്ചു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ rtoe12.mvd@kerala.gov.in എന്ന ഇ-മെയിലിലോ, 9188961290 എന്ന ഫോണ്‍ നമ്പറിലോ പൊതുജനങ്ങള്‍ക്കും പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.
from Asianet News https://ift.tt/3x8m0ht
via IFTTT
No comments:
Post a Comment