കോഴിക്കോട്: കാട്ടുപന്നി കൂട്ടം റോഡിന് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കൂരാച്ചുണ്ട് ആലകുന്നത്ത് റഷീദ് (46) ആണ് മരിച്ചത്. കട്ടിപ്പാറ ചെമ്പ്രകുണ്ടയിൽ ഒക്ടോബർ ആറിന് രാത്രി പത്തരയ്ക്കാണ് അപകടം ഉണ്ടായത്. താമരശ്ശേരിയിൽ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് റഷീദും കുടുംബവും മടങ്ങുമ്പോഴാണ് പന്നിക്കൂട്ടം റോഡിന് കുറുകെ ചാടിയത്.
പന്നികൾ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷ റോഡിൽ നിന്ന് മൂന്ന് മീറ്റർ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു റഷീദിന്റെ മകളും എരപ്പാൻതോട് കുരുടിയത്ത് ദിൽഷാദിന്റെ ഭാര്യയുമായ റിന(21), മകൾ ഷെഹ്സാ മെഹ്റിൻ(2) എന്നിവർക്കും പരിക്കേറ്റിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ റഷീദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
കാട്ടുപന്നി ആക്രമണത്തിന്‍റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം പരിഗണനയില്‍: കൃഷി മന്ത്രി
കാട്ടുപന്നി ആക്രമണത്തിൻ്റെ ഇരകൾക്ക് വാഹനാപകട മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നത് ആലോചനയിലെന്ന് കൃഷിമന്ത്രി പി പ്രസാദ് നേരത്തെ പറഞ്ഞിരുന്നു. വന്യജീവി ആക്രമണത്തിൽ മരിക്കുന്നവർക്കും പരിക്കേൽക്കുന്നവർക്കും നൽകേണ്ട സഹായത്തെ കുറിച്ച് സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രി കർഷകർക്ക് എംഎസിടി മാതൃകയിൽ നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അറിയിച്ചു.
കർഷകർ കൃഷിയിൽ ഉറച്ചു നിൽക്കണം, നിലവിൽ കാട്ടുപന്നിയുടെ ആക്രമണം കാരണം കൃഷി ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് കൃഷി മന്ത്രി പറഞ്ഞു. എന്നാൽ, പന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്.
from Asianet News https://ift.tt/3DiyuV3
via IFTTT
No comments:
Post a Comment