കാസര്‍കോട്: ദേശീയ പാതയില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ കാറില്‍ നിന്ന് 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. വയനാട് സ്വദേശികളായ രണ്ട് പേരും ഒരു തൃശൂര്‍ സ്വദേശിയുമാണ് അറസ്റ്റിലായത്. പണം കവര്‍ന്ന പ്രതികളുടെ സിസി ടിവി ദൃശ്യങ്ങള്‍ അടക്കമുള്ളവ പുറത്ത് വിട്ടായിരുന്നു പൊലീസ് അന്വേഷണം.
കഴിഞ്ഞ മാസം 22-നാണ് മൊഗ്രാല്‍പുത്തൂരില്‍ സ്വർണ്ണ വ്യാപാരിയുടെ ഇന്നോവ കാര്‍, ഡ്രൈവറയടക്കം തട്ടിക്കൊണ്ട് പോയി 65 ലക്ഷം രൂപ കവര്‍ന്നത്. മംഗലാപുരത്ത് നിന്ന് തലശേരിയിലേക്ക് പണവുമായി പോകുമ്പോഴായിരുന്നു ഇത്. ഈ സംഘത്തിലെ മൂന്ന് പേരെയാണ് പിടികൂടിയിരിക്കുന്നത്. വയനാട് നടവയല്‍ സ്വദേശി അഖില്‍ ടോമി, പുല്‍പ്പള്ളി സ്വദേശി അനു ഷാജു, തൃശൂര്‍ കുട്ടനല്ലൂര്‍ സ്വദേശി ബിനോയ് സി ബേബി എന്നിവരാണ് അറസ്റ്റിലായത്.
തൃശൂരില്‍ വച്ചാണ് മൂന്ന് പ്രതികളും പിടിയിലായത്. മൂവരും ഒരു വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. സ്വര്‍ണ്ണ വ്യാപാരം നടത്തുന്ന മഹാരാഷ്ട്ര സ്വദേശി കൈലാസിന്‍റെ പണമാണ് സംഘം തട്ടിയെടുത്തത്. പയ്യന്നൂർ കാങ്കോലിൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് തട്ടിക്കൊണ്ട് പോയ ഇന്നോവ കാറിൽ നിന്ന് പണമടങ്ങിയ ബാഗുകൾ മാറ്റുന്നത് അടക്കമുള്ള ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.
ഇവർ സഞ്ചരിച്ച വാഹനങ്ങളിലെ നമ്പർ പ്ലേറ്റുകൾ വ്യാജമായിരുന്നു. സംഘത്തില്‍ ഒന്‍പത് പേരുണ്ടെന്നാണ് നിഗമനം. മറ്റ് പ്രതികളെക്കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനങ്ങളെകുറിച്ചും സൂചന ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
from Asianet News https://ift.tt/307o90x
via IFTTT
No comments:
Post a Comment