കൊച്ചി: വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ(Monson Mvaunkal) നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സർക്കാറിന്‍റെ ഉടമസ്ഥതയിൽ ഉള്ള ബീനാച്ചി എസ്റ്റേറ്റിൽ (Beanachi estate case) 500 ഏക്കർ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്ദാനം നടത്തി പാല മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരിൽ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് മോൻസനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
മോൻസൻ ഭൂമി ഇടപാടിനായി തന്‍റെ ജീവനക്കാരായ 4 പേരുടെ അക്കൗണ്ടിലൂടെയാണ് പണം വാങ്ങിയതെന്നും ഭൂമി ഇടപാടിലെ ബിനാമി ഇടപാടുകൾ അന്വേഷിക്കുകയാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ നാളെ വൈകിട്ട് 4 മണിവരെ ചോദ്യം ചെയ്യലിനായി മോൻസനെ കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടിരുന്നു. പുരാവസ്തു തട്ടിപ്പ് അടക്കം ആകെ 5 കേസുകളാണ് മോൻസനെതിരെ ഇതുവരെ എടുത്തിട്ടുള്ളത്.
അതേസമയം, പുരാവസ്തു തട്ടിപ്പുകാരനായ മോന്‍സന്‍ മാവുങ്കലിന്‍റെ വീടിന് പൊലീസ് സുരക്ഷ നൽകിയത് ഏത് സാഹചര്യത്തിലെന്ന ഹൈക്കോടതി ഇന്നലെ ചോദിച്ചു. വീട്ടിൽപോയ പൊലീസ് ഉദ്യോഗസ്ഥരൊന്നും ഈ നിയമലംഘനങ്ങൾ കണ്ടില്ലേ എന്നും കോടതി ആരാഞ്ഞു .ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ആരോപണവിധേയരായ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകുമോ എന്ന ആശങ്ക പ്രകടിപ്പിച്ച കോടതി ഡിജിപിയോട് മറുപടി തേടി.
ചേർത്തലയിലെ പണമിടപാട് കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മോൻസൻ ഭീഷണിപ്പെടുത്തുകയാണെന്ന് കാണിച്ച് മുൻ ഡ്രൈവർ അജിത് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് പൊലീസിനെതിരെ കോടതി രൂക്ഷമായ വിമർശനം നടത്തിയത്. തട്ടിപ്പുകാരനായ മോൻസന്‍റെ വീട്ടിൽ പൊലീസ് പട്ടബുക്ക് വെക്കുകയും സംരക്ഷണം നൽകുകയും ചെയ്തത് ഏത് സാഹചര്യത്തിലാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. പൊലീസ് സംരക്ഷണം ലഭിക്കുമ്പോൾ ഇത്തരക്കാരുടെ വിശ്വാസ്യത വര്‍ധിക്കുകയാണെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി.
മോന്‍സനുമായി അടുപ്പമുള്ളവരിൽ ഇപ്പോഴും സർവ്വീസിലുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുണ്ട്. ഇത്തരം ഉദ്യോഗസ്ഥർ വീട്ടിൽപോയപ്പോഴൊന്നും എന്ത്കൊണ്ട് നിയമലംഘനങ്ങൾ കണ്ടില്ല. ആനക്കൊമ്പു കാണുമ്പോൾ അതിന്‍റെ ഉറവിടമടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കേണ്ടിതായിരുന്നില്ലേ, ഈ ഉന്നതരടക്കം ആരോപണം നേരിടുമ്പോൾ നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണം ഫലപ്രദമാകുമോ എന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇപ്പോഴത്തെ അന്വേഷണത്തില്‍ വിശ്വാസമുണ്ടോ എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈമാസം 26 നകം മറുപടി നൽകണമെന്ന് ഡിജിപിയ്ക്ക് നിർദ്ദേശം നൽകി.
from Asianet News https://ift.tt/3oxURSM
via IFTTT
No comments:
Post a Comment