കൊല്ലം: പട്ടത്താനത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ഗുരുതര ആരോപണവുമായി കുട്ടിയുടെ കുടുംബം. ആത്മഹത്യയ്ക്ക് പെൺകുട്ടിയെ പ്രേരിപ്പിച്ച യുവാവിന് മുൻകൂർ ജാമ്യം ലഭിക്കാൻ പ്രതിഭാഗം അഭിഭാഷകയുമായി പ്രോസിക്യൂട്ടർ ഒത്തുകളിക്കുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കേ പ്രോസിക്യൂട്ടർക്കെതിരെ വിദ്യാർഥിനിയുടെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകി.
പട്ടത്താനം സ്വദേശിനിയായ പതിനാറുകാരി കാവ്യയെ കഴിഞ്ഞ മാസം നാലാം തീയതിയാണ് വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സമീപവാസിയായ ആകാശ് എന്ന യുവാവ് പ്രണയാഭ്യർഥനയുടെ പേരിൽ നിരന്തരം ഭീഷണി മുഴക്കിയതിനെ തുടർന്നുള്ള സമ്മർദ്ദമാണ് പെൺകുട്ടിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നു പൊലീസ് കണ്ടെത്തി.
ആകാശിനെതിരെ പോക്സോ നിയമപ്രകാരം കേസും എടുത്തു. ഇതോടെ ആകാശ് ഒളിവിൽ പോയി. മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകി. ആകാശിന്റെ വക്കാലത്ത് എടുത്ത അഭിഭാഷകയും പൊലീസിനു വേണ്ടി കേസ് വാദിക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറും ഒരേ ഓഫിസിലാണ് പ്രാക്ടീസ് ചെയ്യുന്നതെന്ന് കാവ്യയുടെ കുടുംബം ചൂണ്ടിക്കാട്ടുന്നു.
ആകാശിന് ജാമ്യം ലഭിക്കാനായി പ്രോസിക്യൂട്ടർ സഹപ്രവർത്തകയായ പ്രതിഭാഗം അഭിഭാഷകയുമായി ചേർന്ന് പ്രോസിക്യൂട്ടർ ഒത്തുകളിക്കുകയാണെന്നും കുടുംബം ആരോപിക്കുന്നു. കേസ് നാളെ വീണ്ടും കോടതി പരിഗണിക്കും. ഈ സാഹചര്യത്തിലാണ് പ്രോസിക്യൂട്ടർക്കെതിരെ മുഖ്യമന്ത്രിക്കും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനും കുടുംബം പരാതി നൽകിയത്.
from Asianet News https://ift.tt/3mzjH29
via IFTTT
No comments:
Post a Comment