മസ്കറ്റ്: അറബിക്കടലില്‍ രൂപം കൊണ്ട ശഹീന്‍ ചുഴലിക്കാറ്റ് ഒമാനിലെ സുവക്കില്‍ കരതൊട്ടപ്പോഴേക്കും തീവ്രത കുറഞ്ഞിരുന്നുവെങ്കിലും കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയെന്നാണ് വിലയിരുത്തല്‍. മണ്ണിടിച്ചിലിലും വെള്ളപ്പാച്ചിലിലും അകപ്പെട്ട് ഒരു കുട്ടി ഉള്‍പ്പടെ പതിനൊന്ന് പേര്‍ മരണപ്പെട്ടുവെന്നാണ് ഇതുവരെയുള്ള ഔദ്യോഗിക സ്ഥിരീകരണം. ചുഴലിക്കാറ്റില്‍ ഉണ്ടായ നാശനഷ്ടത്തിന്റെ വ്യാപ്തി ഇതുവരെയും തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ല.
പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുവാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ഒമാന്‍ ഭരണാധികാരി നിര്‍ദ്ദേശം നല്‍കി കഴിഞ്ഞതായി ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ വാര്‍ത്തകുറിപ്പില്‍ പറയുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് അല്‍ ബാറ്റിന ഗവര്‍ണറേറ്റിലെ പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്ക് പൊതു ഒഴിവു പ്രഖ്യാപിച്ചിട്ടുണ്ട്. ബാത്തിന ഗവര്‍ണറേറ്റുകളിലെ സ്‌കൂളുകള്‍ ഒക്ടോബര്‍ 10ന് പുനരാരംഭിക്കും. നാളെ ഒക്ടോബര്‍ 5 ചൊവ്വാഴ്ച മസ്‌കറ്റിലെയും അല്‍ ദാഹിറ ഗവര്‍ണറേറ്റിലെയും പൊതു, സ്വകാര്യ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.
ഒക്ടോബര്‍ 6 ബുധനാഴ്ച മസ്‌കത്തിലും അല്‍ ദാഹിറയിലും ക്ലാസുകള്‍ പുനരാരംഭിക്കും. ചുഴലിക്കാറ്റ് (ഷഹീന്‍) ബാധിച്ച പ്രദേശങ്ങളില്‍ ജീവനക്കാര്‍ക്ക് പരിഗണന നല്‍കണമെന്നും, ജനജീവിതം സാധാരണ നിലയിലാകുന്നതുവരെ ജോലിസ്ഥലത്തെ ഹാജര്‍ ഒഴിവാക്കണമെന്നും സ്ഥാപനങ്ങള്‍ പ്രസ്തുത ജീവനക്കാരെ ഓണ്‍ലൈനില്‍ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ജോലിസ്ഥലത്ത് ഹാജരാകാന്‍ കഴിയാത്ത ജീവനക്കാരുടെ പക്കല്‍ നിന്നും പിഴ ഈടാക്കുകയോ ശമ്പളം പിടിക്കുകയോ ചെയ്യുവാന്‍ പാടില്ലായെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മസ്‌കറ്റ് നഗരസഭയുടെ നേതൃത്വത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.
from Asianet News https://ift.tt/3otSwIw
via IFTTT
No comments:
Post a Comment