ആലുവ: മൂന്നരമാസമായി ആലുവ നഗരത്തില്‍ തുടര്‍ച്ചയായി നടക്കുന്ന മോഷണങ്ങളുടെ സൂത്രധാരന്‍ കനകരാജ് പൊലീസ് പിടിയില്‍. ആലുവ റെയില്‍വെ സ്റ്റേഷന് സമീപം വെച്ചാണ് തമിഴ്നാട് സ്വദേശിയായ ഈ അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പൊലീസ് പിടികൂടൂന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തമിഴനാട് തൂത്തുക്കുടി ലഷ്മിപുരം സ്വദേശിയായ അന്തര്‍സംസ്ഥാന മോഷ്ടാവ് കനകരാജ് ആലുവയിലെത്തിയിട്ടുണ്ടെന്ന് നഗരത്തിലെ മോഷണങ്ങളുടെ രീതി കണ്ടാണ് പൊലീസ് ഉറപ്പിക്കുന്നത്. രാത്രി പൂട്ടു അറുത്തുമാറ്റി ഉള്ളില്‍ കയറി തീപ്പട്ടിവെളിച്ചത്തില്‍ മോഷണം നടത്തുന്നതാണ് കനകരാജിന്‍റെ ശൈലി. ഇതേ രീതിയാണ് ആലുവയില്‍ കഴിഞ്ഞ മുന്നര മാസമായി നടന്ന മോഷണങ്ങളില്‍ കണ്ടത്.
ഇതോടെ കനകരാജിനെ തപ്പി പൊലീസ് ആലുവ മുഴുവന്‍ അരിച്ചുപെറുക്കി. തമിഴനാട്ടിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ആലുവ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് പിടികൂടി. ചോദ്യം ചെയ്യലില്‍ നഗരത്തില്‍ ഈയിടെ നടന്ന മോഷണങ്ങളില്‍ രണ്ടെണ്ണമൊഴികെ എല്ലാം ചെയ്തത് താനെന്ന് കനകരാജ് സമ്മതിച്ചു. കായംകുളം, തൃശ്ശൂർ ഈസ്റ്റ്, ആലപ്പുഴ സൗത്ത്, നോർത്ത്, എറണാകുളം സെൻട്രൽ , പാലാരിവട്ടം, എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി മോഷണം നടത്തിയിട്ടുണ്ടെന്ന് കനകരാജ് മൊഴി നല്‍കിയിട്ടുണ്ട്.
1999-തിനുശേഷം ആദ്യമായാണ് കനകരാജ് പൊലീസ് പിടിയിലാകുന്നത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കനകരാജ് സമ്മതിക്കാത്ത രണ്ടും വലിയ മോഷണങ്ങളാണ്. ഇത് ചെയ്തത് ആരെന്നതിനെകുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുകയാണ് പോലീസിപ്പോള്‍.
from Asianet News https://ift.tt/3ls04by
via IFTTT
No comments:
Post a Comment