കല്‍പ്പറ്റ: കമ്പളക്കാട് ലക്ഷംവീട് കോളനിയില്‍ അജ്ഞാത ജീവി വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ കമ്പളക്കാടും പരിസര പ്രദേശങ്ങളും ഭീതിയില്‍. പുലിയിറങ്ങിയെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ക്യാമറകള്‍ സ്ഥാപിച്ചടക്കം പരിശോധന നടത്തിയെങ്കിലും പുലിയുടെ ദൃശ്യം ലഭിച്ചില്ല.
ഇതിനിടെയാണ് കഴിഞ്ഞ ദിവസം ലക്ഷംവീട് കോളനിയില്‍ വളര്‍ത്തുമൃഗങ്ങള്‍ ആക്രമിക്കപ്പെട്ടത്. കോളനിയിലെ മുഹമ്മദാലിയുടെ ആടും തങ്കന്‍ എന്നയാളുടെ മുയലുമാണ് അജ്ഞാതജീവിയുടെ ആക്രമണത്തെ തുടര്‍ന്ന് ചത്തത്. വിവരമറിഞ്ഞ് വനംവകുപ്പും പൊലീസും കോളനിയിലെത്തി പരിശോധന നടത്തിയിരുന്നു.
എന്നാല്‍ പുലിയുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. ജനവാസകേന്ദ്രമായ കിഴക്കേക്കുന്നിലാണ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പുലിയിറങ്ങിയതായുള്ള പ്രചാരണമുണ്ടായത്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പക്ഷേ ദൃശ്യങ്ങളൊന്നും പതിഞ്ഞിരുന്നില്ല. സാമൂഹിക മാധ്യമങ്ങളിലൂടെ പുലിയുടേതെന്ന തരത്തിലുള്ള പലതരം രൂപങ്ങളും കാല്‍പ്പാടുകളും ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത് പ്രദേശവാസികളുടെ ആശങ്ക വര്‍ധിപ്പിക്കാന്‍ കാരണമായതായി അധികൃതര്‍ കണ്ടെത്തിയിരുന്നു.
ഒരുവിദ്യാര്‍ഥി പഴയ വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് ചിത്രമെടുത്ത് പ്രചരിപ്പിച്ചതാണ് തെറ്റിദ്ധാരണക്കിടയാക്കിയതെന്ന് വനംവകുപ്പിന്റെ അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ആളുകളില്‍ ഭീതി ഉണ്ടാക്കുന്നതരത്തില്‍ തെറ്റായ പ്രചാരണങ്ങള്‍ നടത്തരുതെന്ന് അന്ന് തന്നെ പൊലീസും വനംവകുപ്പും നിര്‍ദ്ദേശിച്ചിരുന്നു.
from Asianet News https://ift.tt/3GdHPjx
via IFTTT
No comments:
Post a Comment