കോഴിക്കോട്: ലോക്ഡൗൺ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ നിലവാരം സംബന്ധിച്ച പരാതികളും പെരുകുന്നു. കോഴിക്കോട്ടെ ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച മൂന്നംഗ കുടുംബം ദിവസങ്ങളായി ചികിത്സയിലാണ്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധന പേരിന് മാത്രമാകുന്നതും പ്രശ്നം രൂക്ഷമാക്കുന്നു. കോഴിക്കോട് സ്വദേശി മുബാറക് അഹമ്മദ് മൂന്ന് ദിവസം മുന്‍പാണ് ചേവായൂരിലെ സ്വകാര്യ ഹോട്ടലില്‍നിന്നും ഷവർമ വാങ്ങിയത്. അമ്മയും ഭാര്യയുമടക്കം വീട്ടില്‍വച്ച് ഷവർമ്മ കഴിച്ചു. അർദ്ധരാത്രി മുതല്‍ മൂന്നുപേർക്കും അസ്വസ്ഥതകൾ തുടങ്ങി.
ഇത് ഒറ്റപ്പെട്ട സംഭവമല്ല, ലോക്ഡൗൺ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിന് പിന്നാലെ തുറന്ന ഹോട്ടലുകളിലെ ഭക്ഷണത്തിന്‍റെ നിലവാരം സംബന്ധിച്ച് നിരവധി പരാതികളാണ് ദിവസവും ഉയരുന്നത്. ഭക്ഷ്യ സുരക്ഷാ വിഭാഗം മാസത്തിലൊരിക്കല്‍ ഹോട്ടലുകളിലെ ഭക്ഷണ നിലവാരം പരിശോധിക്കാറുണ്ട്. എന്നാല്‍ ഈ പരിശോധന പേരിന് മാത്രമാകാറാണ് പതിവ്. കൊവിഡ് കാലത്ത് നേരിട്ട് ഹോട്ടലുകളില്‍ പോകാന്‍ മടിക്കുന്ന പലരും ഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാറാണ് പതിവ്. ഓര്‍ഡര്‍ ചെയ്തെത്തുന്ന ഭക്ഷണത്തിന് നിലവാരമില്ലെന്ന കാര്യം പരാതിപ്പെട്ടാലും യാതൊരു നടപടിയും ഉണ്ടാകാറില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു.
മുന്‍ പരിചയമില്ലാത്ത പലരും കൊവിഡ് കാലത്ത്ഹോട്ടല്‍ മേഖലയിലേക്ക് കടന്ന് വന്നത് നിലവാരം സംബന്ധിച്ച പരാതികള്‍ക്ക് ഇടയാക്കുന്നുവന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്‍റ്സ് അസോസിയേഷനും സമ്മതിക്കുന്നു. യൂണിറ്റ് തലങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികളും മറ്റും സംഘടന നടത്തി വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു.
from Asianet News https://ift.tt/3aXX4yY
via IFTTT
No comments:
Post a Comment