കിഴിശ്ശേരി: പരുന്ത് റാഞ്ചി തേനീച്ചക്കൂട് താഴെയിട്ടതോടെ പരക്കം പാഞ്ഞ തേനീച്ചകളുടെ കുത്തേറ്റ് പതിനഞ്ചോളം പേർ ചികിത്സ തേടി. കുഴിമണ്ണ മൂന്നാം വാർഡിൽ മുണ്ടംപറമ്പ് പൊറ്റമ്മക്കുന്നത്ത് ഫർണിച്ചർ തൊഴിലാളികൾക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഇവർ ജോലി ചെയ്യുന്ന ഷെഡിന് 100 മീറ്റർ ദൂരത്തുള്ള മരത്തിലുള്ള കൂട് പരുന്ത് റാഞ്ചി ഷെഡിന്റെ ഭാഗത്തേക്ക് പറന്നതാണ് തൊഴിലാളികൾക്ക് വിനയായത്.
ഷെഡിന് മുകളിൽ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഷെഡിൽ ജോലി ചെയ്യുകയായിരുന്ന 15ഓളം പേർക്കാണ് തേനീച്ചയുടെ കുത്തേറ്റത്. ഇതിൽ എട്ട് പേർ കോഴിക്കോട് മെഡിക്കൽ കോളജിലും മറ്റുള്ളവർ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. എല്ലാവരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.
ഫർണിച്ചർ ഷെഡ് ഉടമ മുണ്ടംപറമ്പ് പുല്ലുപറമ്പൻ കൊട്ടക്കാട്ടിൽ അബൂബക്കർ, ഇതര സംസ്ഥാന തൊഴിലാളിയായ ഷരീഫ് എന്നിവർക്കാണ് അധികം കുത്തേറ്റത്. നേരത്തെ വാഹനാപകടത്തിൽ പരിക്കേറ്റ് കാലുകൾക്ക് അവശതയുള്ള അബുബക്കറിന് ഓടി രക്ഷപ്പെടാനാൻ സാധിക്കാതായതോടെ തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റവരിൽ പകുതിയിലധികം പേർ ഫർണിച്ചർ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്.
from Asianet News https://ift.tt/3n672nr
via IFTTT
No comments:
Post a Comment