കൽപ്പറ്റ: കൃഷിയിടങ്ങളിലെത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ പലവിധ മാർഗ്ഗങ്ങൾ പരീക്ഷിച്ച് പരാജയപ്പെട്ട കർഷകർക്ക് പ്രതീക്ഷയേകുന്നതാണ് ഒഡീഷ മോഡൽ പ്രതിരോധം. നൂൽപ്പുഴ പഞ്ചായത്തിലെ ഒന്നാംവാർഡിലുൾപ്പെടുന്ന വടനക്കനാടാണ് ആനകളടക്കമുള്ള വന്യമൃഗങ്ങളെ തുരത്താൻ എൽ.ഇ.ഡി ലൈറ്റുകൾ നെൽവയലുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്നത്. ഒഡീഷയുടെ വിവിധ ഭാഗങ്ങളിൽ പരീക്ഷിച്ച് വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ മാർഗ്ഗം കേരളത്തിലാദ്യമായി വയനാട്ടിൽ പരീക്ഷിക്കുന്നത്.
'പീക്ക് രക്ഷ' എന്ന പേരിലുള്ള പദ്ധതി പഞ്ചായത്തിൽ നടപ്പിലാക്കുന്ന നീർത്തട വികസന പദ്ധതിയുടെ ഭാഗമാണ്. നബാർഡിന്റെ ധനസഹായത്തോടെ സ്വാമിനാഥൻ ഫൗണ്ടേഷൻ നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടമാണ് പൂർത്തിയായിരിക്കുന്നത്. ബത്തേരി താലൂക്കിൽ വന്യമൃഗശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് വടക്കനാട്. 40 മീറ്റർ ഇടവിട്ട് 28 ലൈറ്റുകളാണ് വടക്കനാട് പള്ളിവയലിലെ അള്ളവയൽ ഭാഗത്ത് ഒരുക്കിയിട്ടുള്ളത്. എട്ടടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി ലൈറ്റുകൾ സോളാർ പാനലിലായിരിക്കും പ്രവർത്തിക്കുക.
എൽ.ഇ.ഡി ലൈറ്റുകളുടെ ശക്തമായ പ്രകാശം കണ്ണുകളിലേക്ക് അടിക്കുന്നത് കാരണം ആനകളടക്കം കൃഷിയിടങ്ങളിലേക്കിറങ്ങാതെ തിരികെ പോകുമെന്നാണ് പദ്ധതി നടപ്പാക്കുന്നവർ അവകാശപ്പെടുന്നത്. കൃഷിയിടങ്ങളിലേക്ക് കൂട്ടത്തോടെയെത്തുന്ന മാൻ, പന്നി മുതലായവയെയും എൽ.ഇ.ഡി പ്രകാശത്താൽ തുരത്താൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്. വന്യമൃഗശല്യം തടയുന്നതിന് മൂന്ന് ഘട്ടങ്ങൾ ഉള്ള പദ്ധതിയുടെ ആദ്യഘട്ടമാണ് ലൈറ്റ് സ്ഥാപിക്കൽ. കൃഷിയിടങ്ങളിൽ കോലങ്ങൾ സ്ഥാപിക്കുകയാണ്് രണ്ടാം ഘട്ടത്തിൽ ചെയ്യുക. കടുവ, നായ തുടങ്ങിയ മൃഗങ്ങളുടെ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന സംവിധാനങ്ങളാണ് മൂന്നാംഘട്ടത്തിൽ സ്ഥാപിക്കുക.
പദ്ധതി വിജയിച്ചാൽ വയനാട്ടിലെ അടക്കം കേരളത്തിലെ വിവധ ജില്ലകളിലെ വന്യമൃഗ ശല്യം ചെറുക്കുന്നതിനുള്ള ഭാരിച്ച ചിലവ് ഗണ്യമായി കുറയും. വടക്കനാട് 28 ലൈറ്റുകാലുകൾ സ്ഥാപിക്കാൻ ആകെ ചിലവായത് ഒന്നരലക്ഷത്തോളം രൂപയാണ്. റെയിൽപാള വേലിയും വൈദ്യുതി വേലിയും സ്ഥാപിക്കുന്നതിന് കോടികൾ ചിലവിടുന്ന സ്ഥാനത്താണ് ഇത്രയും കുറഞ്ഞ തുകക്കുള്ള പദ്ധതി വിജയം കാണുന്നത്. കോടികൾ മുടക്കുള്ള വേലിനിർമാണത്തിൽ അഴിമതിക്കുള്ള സാധ്യതയും ഏറെയാണ്. അതേ സമയം ചിലവ് കുറവാണെന്നതിനാൽ വിധഗ്ദ്ധ ഉപദേശം തേടി വ്യക്തിഗത ചിലവിലും എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാൻ കഴിഞ്ഞേക്കും. കർഷകർക്കോ കർഷക കൂട്ടായ്മകൾക്കോ സ്വന്തം ചിലവിൽ എൽ.ഇ.ഡി ലൈറ്റ് പദ്ധതി നടപ്പാക്കാനാകുന്ന കാലവും വിദൂരമല്ല.
from Asianet News https://ift.tt/3AuXSGI
via IFTTT
No comments:
Post a Comment