കോട്ടയം: യുഡിഎഫിന് ഭരണം നഷ്ടമായ കോട്ടയം നഗരസഭയിൽ ചെയർപേഴ്സൺ സ്ഥാനത്ത് അനിശ്ചിതത്വം തുടരുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ അടുത്ത ചെയർപേഴ്സൺ തെരഞ്ഞെടുപ്പും കഴിഞ്ഞ തവണത്തേതിന്റെ ആവർത്തനമാകാനാണ് സാധ്യത. ഇത് ഒഴിവാക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ.
22 അംഗങ്ങൾ വീതമാണ് നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനുമുള്ളത്. എതിർച്ചേരിയില അതൃപ്തരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ശ്രമം ഇരുമുന്നണികളും നടത്തും. ബിജെപി പിന്തുണയോടെയുള്ള ഭരണം ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ല. സ്വന്തം നിലയിൽ അധികാരത്തിലെത്താൻ ശ്രമിക്കുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകളിൽ അവർ ഏറെ പിന്നിലാണ്.
കഴിഞ്ഞ തവണ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബിജെപി മത്സരിച്ചിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പിന്നാലെ കോട്ടയത്തും എൽഡിഎഫ് തന്ത്രം പ്രതിരോധിക്കാനാകാതെ വീണു പോയ കോൺഗ്രസ് നേതൃത്വം കടുത്ത പ്രതിരോധത്തിലാണ്. സിപിഎം വർഗ്ഗീയതയെ കൂട്ടുപിടിക്കുന്നുവെന്ന് സംസ്ഥാന വ്യാപകമായി പ്രചരിപ്പിക്കാമെങ്കിലും ഉമ്മൻചാണ്ടിയുടെ തട്ടകത്തിലെ നഷ്ടം കനത്തതാണെന്ന് കോൺഗ്രസിന് അറിയാം. അതിനാൽ തന്നെ അത് നികത്താനുള്ള നീക്കമുണ്ടാകും.
ബിജെപി പിന്തുണയോടെ ഭരണത്തിലേറില്ലെന്ന് വ്യക്തമാക്കുന്ന സിപിഎമ്മിന്റെ കണ്ണ് യുഡിഎഫിലെ അതൃപ്തരിലാണ്. നിലവിലെ മുന്നണി ബന്ധങ്ങൾ തെറ്റിക്കുന്ന നിലപാടുണ്ടാകില്ലെന്നും നേതാക്കൾ വ്യക്തമാക്കുന്നുണ്ട്. എൽഡിഎഫ് പ്രമേയത്തെ പിന്തുണച്ചതിൽ ബിജെപിക്കുള്ളിൽ അതൃപ്തിയുണ്ട്. ഈരാറ്റുപേട്ടയിൽ ഉന്നയിച്ച സിപിഎം-എസ്ഡിപിഐ കൂട്ടുകെട്ട് ആരോപണം ഇപ്പോൾ തിരിഞ്ഞു കുത്തുന്നുവെന്നാണ് വിമർശനം. നാടകീയ നീക്കങ്ങളിലേക്കോ അതോ നറുക്കെടുപ്പിലേക്കോ കോട്ടയം നഗരസഭാ ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് നീങ്ങുമെന്നാണ് നിഗമനം.
from Asianet News https://ift.tt/3ui6vC3
via IFTTT
No comments:
Post a Comment