കൊല്ലം: പള്ളിമുക്കിലെ തുണിക്കടയിൽ മോഷണം നടത്തിയ യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ ഒരാൾ കടയിലെ താൽക്കാലിക ജീവനക്കാരനാണ്. കൂട്ടിക്കട സ്വദേശി മുഹമ്മദ് ഷാഫി വാളത്തുങ്കൽ സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പള്ളിമുക്കിൽ ഉള്ള വസ്ത്ര വ്യാപാര ശാലയിൽ മോഷണം നടന്നത്.
അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ച് എത്തിയ സംഘം അയിരകണക്കിന് രൂപയുടെ റഡിമെയ്ഡ് വസ്ത്രങ്ങളും കടയുടെ കൗണ്ടറില്‍ സൂക്ഷിച്ചിരുന്ന മുപ്പത്തിരണ്ടായിരം രൂപയും ആണ് മോഷ്ടിച്ചത്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ആണ് പ്രതികളെ കണ്ടെത്തിയത്.
മോഷ്ടിച്ചു കിട്ടിയ പണം ഉപയോഗിച്ച് തിരുവനന്തപുരത്ത് ആഘോഷം നടത്തിയ ശേഷം തിരികെ പരവൂരിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. അറസ്റ്റിലായ മുഹമ്മദ് ഷാഫി ഇതേ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തിട്ടുണ്ട്. കടയിലേക്ക് കടക്കാനുള്ള എളുപ്പവഴികളെ കുറിച്ചും കടയിൽ പണം സൂക്ഷിക്കുന്ന സ്ഥലത്തെക്കുറിച്ചുo എല്ലാം ഷാഫിക്ക് ഉണ്ടായിരുന്ന അറിവാണ് ഇവിടെ തന്നെ മോഷണം നടത്താൻ കാരണം എന്ന് പോലീസ് പറഞ്ഞു.
മോഷണസംഘത്തിൽ ഒരാൾകൂടി ഉണ്ടായിരുന്നെങ്കിലും ഇയാൾക്ക് 18 വയസ്സ് തികയാത്തതിനാൽ പേര് വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കൊല്ലം സിറ്റി അസിസ്റ്റൻറ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് തുണിക്കടയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കും. കടയിൽ നിന്ന് മോഷണം പോയ 25000-ലധികം രൂപയുടെ വസ്ത്രങ്ങൾ അഭിഷേകിന്റെയും ഷാഫിയുടെയും ബന്ധുവീടുകളിൽ നിന്ന് കണ്ടെടുത്തു എന്നും പൊലീസ് അറിയിച്ചു.
from Asianet News https://ift.tt/3BOUoz3
via IFTTT
No comments:
Post a Comment