കോഴിക്കോട്: സിപിഎം നിയന്ത്രണത്തിലുളള കോഴിക്കോട് മാവൂർ സഹകരണ ബാങ്കിന്‍റെ (mavoor cooperative bank) ഭൂമിയിടപാടിൽ വന്‍ ക്രമക്കേട് നടന്നതായി റവന്യൂ വിജിലന്‍സ് (revenue vigilance)കണ്ടെത്തി. ഭൂമിയുടെ വിലനിർണയത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്നും ഇടപാടിൽ മൂന്നുകോടിയുടെ ക്രമക്കേട് നടന്നെന്നുമാണ് കണ്ടെത്തൽ.രണ്ട് റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് റവന്യൂ വിജിലൻസിന്‍റെ ശുപാർശ ചെയ്തു. വിജിലന്‍സ് റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മാവൂർ സഹകരണ ബാങ്കിനായി, 2019ൽ കാര്യാട്ട് താഴത്ത് 2.17 ഏക്കർ സ്ഥലം 9കോടി 88 ലക്ഷം രൂപക്ക് വാങ്ങിയതിലാണ് റവന്യൂ വിജിലൻസ് വിഭാഗം ക്രമക്കേട് കണ്ടെത്തിയത്. അന്ന് ഭൂരേഖ വിഭാഗം തഹസിൽദാർ ആയിരുന്ന അനിതകുമാരി, മാവൂർ വില്ലേജ് ചാർജ്ജ് ഓഫീസർ ബാലരാജൻ എന്നിവർക്കെതിരെ നടപടിവേണമെന്നാണ് ശുപാർശ. സഹകരണ നിയമപ്രകാരം, സഹകരണ സ്ഥാപനങ്ങൾ ഭൂമി വാങ്ങുമ്പോൾ, റവന്യൂ വകുപ്പ് വില നിർണയം നടത്തണമെന്നാണ് ചട്ടം. ഇതിനായി മൂന്നുകിലോമീറ്റർ ചുറ്റളവിൽ മൂന്നു വർഷത്തിനിടെ നടന്ന ഭൂമിയിടപാടുകളുടെ അടിസ്ഥാനത്തിൽ വില നിശ്ചയിക്കാം. എന്നാൽ ഇവിടെയത് 5 കിലോമീറ്റർ ചുറ്റളവിലുളള ഭൂമിയായിരുന്നെന്നും, അടിസ്ഥാന വില 40ശതമാനം വർദ്ധിപ്പിച്ചതായും കണ്ടെത്തി.
സെന്‍റിന് മൂന്നുലക്ഷത്തിൽ താഴെ മാത്രമേ വിലയുളളൂ എന്നിരിക്കേ, 4.90 ലക്ഷം രൂപ നിരക്കിലായിരുന്നു ഇടപാട് നടന്നത്. ഇതിൽ മൂന്നുകോടിയുടെ ക്രമക്കേടുണ്ടന്നും റിപ്പോർട്ടിലുണ്ട്. ഭൂ രേഖ വിഭാഗം തഹസിൽദാർ, ചാർജ്ജ് ഓഫീസർ എന്നിവർ സ്ഥല പരിശോധ നടത്തിയിരുന്നെങ്കിൽ ക്രമക്കേട് ഒഴിവാക്കാമായിരുന്നെന്നും റവന്യൂ വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോർട്ടിലുണ്ട്.
വാങ്ങുന്ന ഭൂമിയിൽ കെട്ടിടമുണ്ടെങ്കിൽ പൊതുമരാമത്ത് വകുപ്പ് അത് പരിശോധിച്ച് വില നിർണയിക്കണം. ഇവിടെ അതും നടന്നില്ല. എന്നാൽ വിലനിർണയത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനമെന്നാണ് ബാങ്ക് ഭരണ സമിതിയുടെ വിശദീകരണം. ആരോപണമുയർന്നപ്പോൾ അന്നുതന്നെ,അഞ്ച് പേർക്കെതിരെ അച്ചടക്ക നടപടിയെടുത്തിരുന്നുവെന്നും ബാങ്ക് പ്രസിഡന്റ് രാജിവച്ചിരുന്നുവെന്നും സിപിഎം വിശദീകരിച്ചു.
from Asianet News https://ift.tt/3BgeRMo
via IFTTT
No comments:
Post a Comment