കൊവിഡ് 19 ( Covid 19 ) എന്ന മഹാമാരിയെ കുറിച്ച് നാം ആദ്യം കേള്‍ക്കുന്നത് 2019ന്റെ അവസാനത്തിലാണ്. ചൈനയിലെ വുഹാന്‍ ( Wuhan China ) എന്ന പട്ടണത്തിലാണ് ആദ്യമായി വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്. പുറംലോകം ഈ പുതിയ രോഗത്തെ കുറിച്ച് അറിഞ്ഞും മനസിലാക്കിയും വരും മുമ്പ് തന്നെ ഇത് ലോകരാജ്യങ്ങളിലേക്കെല്ലാം വ്യാപിച്ചിരുന്നു.
ഇന്ത്യയിലും വൈകാതെ തന്നെ കൊവിഡ് എത്തി. 2020 തുടക്കം മുതല്‍ തന്നെ കൊവിഡ് ഉയര്‍ത്തിയ ഭീഷണിയിലായിരുന്നു നാം. പിന്നീട് ലോക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടു. എന്തെന്നോ ഏതെന്നോ അറിയാത്ത വിധം ജനം പരിഭ്രാന്തിയുടെ നാളുകളിലൂടെ കടന്നുപോയി. എങ്കിലും അധികം കാലതാമസമില്ലാതെ ഈ അപകടകാരിയായ വൈറസ് അരങ്ങൊഴിയുമെന്ന് തന്നെ നാം വിശ്വസിച്ചു.
എന്നാല്‍ എല്ലാ പ്രതീക്ഷകളെയും കണക്കുകൂട്ടലുകളെയും കാറ്റില്‍ പറത്തിക്കൊണ്ട് കൊവിഡ് അതിന്റെ ശക്തമായ വേരുകള്‍ നമ്മുടെയെല്ലാം സാധാരണങ്ങളില്‍ സാധാരണമായ ജീവിതത്തിലേക്ക് ആഴ്ത്തിയിറക്കി നിലയുറപ്പിച്ചു. സാമ്പത്തികമായ പ്രതിസന്ധി, സാമൂഹികവും മാനസികവുമായ ഒറ്റപ്പെടല്‍, ആരോഗ്യപരമായ ആശങ്ക എന്നിങ്ങനെ പല വിധത്തില്‍ കൊവിഡ് നമ്മെ തളര്‍ത്താന്‍ ശ്രമിച്ചു.
ഇതിനിടെ ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കുത്തനെ വര്‍ധിക്കാന്‍ തുടങ്ങി. ആയിരങ്ങള്‍ മരിച്ചുവീഴുന്ന സാഹചര്യം. ഇടയ്ക്ക് ആശ്വാസത്തിന് അല്‍പമെങ്കിലും വഴിയൊരുങ്ങിയെങ്കിലും തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രോഗകാരിയായ വൈറസിന്റെ പുതിയ വേഷപ്പകര്‍ച്ചകള്‍.
യുകെയിലും ബ്രസീലിലുമെല്ലാം കണ്ടെത്തിയ വൈറസ് വകഭേദം പോലെ തന്നെ ഇന്ത്യയിലും കൊറോണ വൈറസിന്റെ പുതിയൊരു വകഭേദം കണ്ടെത്തപ്പെട്ടു. 'ഡെല്‍റ്റ' എന്നായിരുന്നു ഗവേഷകര്‍ ഇതിന് പേര് നല്‍കിയത്. അതുവരെയുണ്ടായിരുന്ന 'ആല്‍ഫ' വകഭേദത്തെക്കാള്‍ 40 ശതമാനത്തോളം അധികവേഗതയില്‍ 'ഡെല്‍റ്റ' കൊവിഡ് രോഗം പടര്‍ത്തി.
ഇതിനോടകം തന്നെ ഇന്ത്യ അതിശക്തമായ കൊവിഡ് രണ്ടാം തരംഗം കണ്ടിരുന്നു. വര്‍ഷത്തിന്റെ ആദ്യപാദം കടന്നപ്പോഴായിരുന്നു രണ്ടാം തരംഗത്തിന്റെ വരവ്. തലസ്ഥാനമായ ദില്ലിയില്‍ അടക്കം രോഗികള്‍ ചികിത്സ കാത്ത് ആശുപത്രികള്‍ക്ക് മുമ്പില്‍ തിക്കും തിരക്കും കൂട്ടി. ചിലര്‍ ഇതിനിടെ തന്നെ ജീവന്‍ വെടിഞ്ഞ് രക്തസാക്ഷികളായി. കിടത്തി ചികിത്സിക്കാന്‍ കിടക്കകളോ, നല്‍കാന്‍ ഓക്സിജനോ, മറ്റ് മരുന്നുകളോ, ഐസിയു സൗകര്യമോ ഇല്ലാതെ ആശുപത്രികള്‍ കടുത്ത പ്രതിസന്ധി നേരിട്ടു.
ഒരിക്കലും ആവര്‍ത്തിക്കരുതേ എന്ന് നാം ആഗ്രഹിക്കുന്ന ആ ദിനങ്ങള്‍ 'ഡെല്‍റ്റ' വകഭേദത്തിന്റെ വരവോട് കൂടിയാണ് പിറന്നതെന്ന് തിരിച്ചറിയാന്‍ പോലും നമുക്ക് ഏറെ സമയം വേണ്ടി വന്നു. വൈറസ് വകഭേദങ്ങള്‍ വന്നാല്‍ അതുവരെ നാം കൈക്കൊണ്ടിരുന്ന പ്രതിരോധ രീതികള്‍ പോരെന്നും, അനിയന്ത്രിതമായ സാഹചര്യങ്ങള്‍ ഇനിയും ആയിരങ്ങള്‍ മരിച്ചുവീഴാന്‍ കാരണമാകുമെന്നും ആ അനുഭവം നമ്മെ പഠിപ്പിച്ചു.
അങ്ങനെ 'ഡെല്‍റ്റ' ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. അധികം താമസിയാതെ 'ഡെല്‍റ്റ പ്ലസ്' വകഭേദവും വന്നു. എന്നാല്‍ 'ഡെല്‍റ്റ'യോളം ഒരു തകര്‍ച്ച സൃഷ്ടിക്കാന്‍ 'ഡെല്‍റ്റ പ്ലസ്'ന് ആവുമായിരുന്നില്ല. അത്രമാത്രം നഷ്ടങ്ങളാണ് 'ഡെല്‍റ്റ' വിതച്ചത്. ഇന്ത്യയില്‍ മാത്രമല്ല, വിദേശരാജ്യങ്ങളിലും ശക്തമായ പ്രതിസന്ധിയായി 'ഡെല്‍റ്റ' മാറി.
മൂന്നാമതൊരു തരംഗം ഉണ്ടായാല്‍ അതിനെ എങ്ങനെയെല്ലാം നേരിടണമെന്ന തരത്തിലുള്ള ആലോചനകള്‍ സര്‍ക്കാര്‍ തലങ്ങളില്‍ തന്നെ ഉയര്‍ത്താന്‍ 'ഡെല്‍റ്റ' കാരണമായി. എങ്കിലും രണ്ടാം തരംഗം അതിന്റെ തീക്ഷണത കുറച്ച് അല്‍പമൊന്നടങ്ങിയപ്പോള്‍ ഏവരും ആശ്വസിച്ചു. വാക്സിനേഷന്‍ പ്രക്രിയകള്‍ വേഗത്തിലായതും ആശ്വാസം പകരാന്‍ തുടങ്ങിയിരുന്നു. ഒരുപക്ഷേ പഴയ ജീവിതത്തിലേക്ക് പതിയെ എങ്കിലും മടങ്ങാനാവുമെന്ന് ഏവരും മോഹിച്ചുതുടങ്ങിയ സമയം. അങ്ങനെ വര്‍ഷം അതിന്റെ അവസാനഘട്ടത്തിലേക്ക് പ്രതീക്ഷകളുമായി പോകുമ്പോഴാണ് തിരിച്ചടിയുമായി അടുത്ത വൈറസ് വേഷപ്പകര്‍ച്ചയെത്തുന്നത്.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തപ്പെട്ട പുതിയൊരു വൈറസ് വകഭേദം. അത് ഡിസംബറോടെ ഇന്ത്യയിലും സ്ഥിരീകരിക്കുന്നു. 'ഡെല്‍റ്റ'യെക്കാള്‍ മൂന്ന് മടങ്ങിലധികം രോഗവ്യാപന സാധ്യതയുള്ള 'ഒമിക്രോണ്‍' എന്ന പുതിയ എതിരാളി. 'ഡെല്‍റ്റ'യുണ്ടാക്കിയ കൊവിഡ് കേസുകളുടെ ഭാരം തന്നെ നമുക്ക് താങ്ങാനാവാത്തതായിരുന്നു. അതിനെക്കാള്‍ മൂന്നിരട്ടിയിലധികം രോഗവ്യാപന സാധ്യതയെന്നത് തീര്‍ത്തും ആശങ്കാജനകം തന്നെയാണ്. പല തവണ ജനിതക വ്യതിയാനത്തിന് ഇടയായ 'ഒമിക്രോണ്‍' വൈറസ് നിലവില്‍ ലഭ്യമായ വാക്സിനുകളെ പോലും ചെറുത്ത് തോല്‍പിക്കാമെന്ന വിവരവും ഭയം തന്നെ പകര്‍ന്നു.
ഇപ്പോഴും 'ഒമിക്രോണ്‍' ഭീഷണിയില്‍ തന്നെയാണ് രാജ്യം. പതിയെ പതിയെ ഒമിക്രോണ്‍ കേസുകള്‍ വര്‍ധിച്ചുവരികയാണ്. രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗത്തിന് 'ഒമിക്രോണ്‍' കാരണമാകുമോ എന്നാണ് പുതിയ ആശങ്ക. കുട്ടികള്‍ക്കുള്ള വാക്സിന്‍ ഇതുവരെ എത്താത്ത സാഹചര്യത്തില്‍ മുമ്പ്, മൂന്നാം തരംഗം ഏറ്റവുമധികം ബാധിക്കുക കുട്ടികളെയായിരിക്കുമെന്ന വിലയിരുത്തലുകളും ഓര്‍മ്മകളിലിരുന്ന് നമ്മെ പൊള്ളിക്കുന്നുണ്ട്. രോഗവ്യാപനം തടയാനുള്ള പ്രതിരോധ നടപടികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് തന്നെയാണ് ഇപ്പോഴും നാം മുന്നോട്ടുപോകുന്നത്. അല്ലെങ്കില്‍ അത്തരത്തിലായിരിക്കണം നാം നിലവില്‍ മുന്നോട്ട് പോകേണ്ടത്.
വരും വര്‍ഷമെങ്കിലും കൊവിഡിനോട് ഏറ്റുമുട്ടി നഷ്ടങ്ങള്‍ കുറച്ച് നമുക്ക് അതിജീവനം നടത്തേണ്ടതുണ്ട്. തീര്‍ച്ചയായും സര്‍ക്കാരുകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ആരോഗ്യമേഖല ആകെ തന്നെയും ഇതിന് വേണ്ടി തയ്യാറെടുക്കേണ്ടതുണ്ട്. എന്തായാലും 'ഡെല്‍റ്റ' വിതച്ചത് പോലൊരു നാശം 'ഒമിക്രോണ്‍'സൃഷ്ടിക്കില്ലെന്ന് ആവര്‍ത്തിച്ച് പറയുന്ന വിദഗ്ധരുമുണ്ട്. എല്ലാ തയ്യാറെടുപ്പുകളോടും കൂടി, ജാഗ്രതയോടും കൂടി ഈ വാക്കുകള്‍ തന്നെ നമുക്കും മനസിലുറപ്പിക്കാം.
മാസ്‌ക് ധരിക്കുന്നതും, കൈകള്‍ ശുചിയായി സൂക്ഷിക്കുന്നതും, സാമൂഹികാകലം പാലിക്കുന്നതുമെല്ലാം നമ്മുടെ നല്ലഭാവിക്ക് വേണ്ടിയാണെന്ന് ഓര്‍മ്മിക്കുക. ആഘോഷാവസരങ്ങള്‍ കഴിവതും സ്വകാര്യമാക്കി നിര്‍ത്തി, രോഗവ്യാപനത്തെ തടയാനുള്ള കൂട്ടായ ശ്രമത്തില്‍ ഏവര്‍ക്കും പങ്കാളികളാകാം. ആശങ്കകളൊഴിഞ്ഞ, പ്രകാശപൂരിതമായി ഒരു വര്‍ഷമാണ് വരാനിരിക്കുന്നതെന്ന് തന്നെ ആശ്വസിക്കാം.
from Asianet News https://ift.tt/32qbWoE
via IFTTT
No comments:
Post a Comment