ബഹിരാകാശ യാത്ര (Space Travel) എളുപ്പമുള്ള ഒരു പരിപാടിയേ അല്ല. ഭൂമിയുടെ സംരക്ഷണത്തിൽ ജനിച്ചു വളർന്ന നമ്മൾ മനുഷ്യർക്ക് (Humans) ഇവിടുത്തെ അന്തരീക്ഷത്തിന് പുറത്തേക്ക് പോകുമ്പോൾ പല തരത്തിലുള്ള പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും. ഭാരമില്ലാത്ത അവസ്ഥയും, സ്പേസ് റേഡിയേഷനും,മർദ്ദ വ്യതിയാനവും അതിൽ ചിലത് മാത്രം. ദീർഘകാലം ബഹിരാകാശത്ത് താമസിക്കേണ്ടി വരുന്ന ദൗത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പലതരം ശാരീരിക ബുദ്ധിമുട്ടുകളെ അതിജീവിക്കേണ്ടതായുണ്ട്. അത് കൊണ്ട് ബഹിരാകാശ വാസം കൂടുതൽ സുഖകരമാക്കാൻ, ഭൂമിക്ക് പുറത്തെ സാഹചര്യങ്ങൾ ജീവികളെ എങ്ങനെ ബാധിക്കുന്നുവെന്ന് പഠിക്കേണ്ടത് അനിവാര്യമാണ്. അതിന് എന്ത് കൊണ്ടും യോജിച്ച ജീവി വർഗമാണ് ടാർഡിഗ്രേഡുകൾ.
ആരാണീ ഇത്തിരിക്കുഞ്ഞൻ ?
ടാർഡിഗ്രേഡ്, ജലക്കരടി ( Water Bear)എന്നും പേരുണ്ട്. പക്ഷേ കരടിയുടേത് പോയിട്ട് ഒരു കുഞ്ഞുറുമ്പിന്‍റെ വലിപ്പം പോലുമില്ല ഈ ജീവിക്ക്. പരമാവധി ഒരു 1.5 മില്ലീമീറ്റർ വരെയൊക്കെ വലിപ്പം വച്ചേക്കാം. ഒന്ന് ശരിക്ക് കാണണമെങ്കിൽ സൂക്ഷ്മദർശിനി ഇല്ലാതെ പറ്റില്ല. എന്നാലും ആള് ചില്ലറക്കാരനല്ല. ഹിമാലയ പർവതങ്ങൾ മുതൽ സമുദ്രത്തിന്‍റെ അടിത്തട്ട് വരെ, ധ്രുവപ്രദേശത്തെ തണുത്തുറഞ്ഞ മഞ്ഞിലും ചൂടൻ നിരുറവകളിലും അങ്ങനെ അങ്ങനെ ഈ ഭൂലോകത്ത് ടാർഡിഗ്രേഡുകളെ കണ്ടെത്താത്ത സ്ഥലങ്ങൾ കുറവാണ്. ഏകദേശം 1,100 തരം ടാർഡിഗ്രേഡുകൾ ലോകത്തുണ്ടെന്നാണ് അനുമാനം.
ഒരു വീപ്പ പോലത്തെ ശരീരം, അതിൽ എട്ടുകാലുകൾ. എല്ലുകളൊന്നും ഇല്ല. ബാക്ടീരിയകളും, ചെടികളുടെ ഭാഗങ്ങളുമൊക്കെ കഴിഞ്ഞ് ജീവിക്കുന്ന ഒരു സാധു. പക്ഷേ അപാര സഹന ശേഷിയാണ് ഈ കുഞ്ഞന്. ക്രിറ്റേഷ്യസ് കാലഘട്ടത്ത് വരെ ഈ ജീവി ഭൂമിയുണ്ടായിരുന്നുവെന്നതിന് തെളിവുകൾ കിട്ടിയിട്ടുണ്ട്. ഭൂമിയിലെ ജീവന്‍റെ ഗതി മാറ്റി മറിച്ച അഞ്ച് കൂട്ട വംശനാശങ്ങളെ അതി ജീവിച്ച ഭീകരനാണ് ടാർഡിഗ്രേഡെന്ന് ചുരുക്കം. മൈനസ് 200 ഡിഗ്രി സെൽഷ്യസ് തണുപ്പത്തും മുന്നൂറ് ഡിഗ്രി സെൽഷ്യസ് വരെ ചൂടത്തും ഒരു പോലെ കൂളായി നിൽക്കും. വളരെ താഴ്ന്ന മർദ്ദവും ഉയർന്ന മർദ്ദവും അതിജീവിക്കാൻ പറ്റും. ഭക്ഷണവും വെള്ളവും ഇല്ലാതെ വർഷങ്ങളോളം ജീവൻ നിലനിർത്തും. മറ്റ് ജീവകൾക്കൊന്നും താങ്ങാൻ കഴിയാത്ത അത്ര റേഡിയേഷൻ സഹിക്കും. ബഹിരാകാശത്ത് പോകാൻ ഇതിൽ കൂടുതൽ യോഗ്യതകൾ വേണോ എന്നാണ് ചോദ്യം.
1773 ജർമ്മൻ സുവോളജിസ്റ്റ് ജോവാൻ ഓഗസ്റ്റ് എഫ്രെയിം ഗോസെയാണ് ഈ കുഞ്ഞനെ കണ്ടെത്തുന്നത്. കുഞ്ഞൻ ജലക്കരടിയെന്ന് ഈ ജിവിക്ക് പേരിട്ടതും അദ്ദേഹമാണ്. വർഷങ്ങളായി ഈ കുഞ്ഞനെ നമ്മൾ പഠിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാ തരം ടാർഡിഗ്രേഡുകളും ഇത്രയും സഹന ശേഷിയുള്ളവയല്ല. സാധാരണ ഗതിയിൽ ഒരു ടാർഡിഗ്രേഡിന്‍റെ ആയുസ് മൂന്ന് മുതൽ നാല് മാസം വരെയാണ്, രണ്ട് വർഷം വരെ ജീവിച്ചിരിക്കുന്ന ഉപവർഗങ്ങളും ഉണ്ട്. പക്ഷേ വെള്ളവും ഭക്ഷണവും ഒന്നുമില്ലാത്ത, കൊടു തണുപ്പിലോ ചൂടിലോ ഇവ അകപ്പെട്ടുവെന്നിരിക്കട്ടെ അപ്പോഴാണ് ഇവയുടെ കഴിവ് വെളിപ്പെടുക. ഒരു തരം നീണ്ട ഉറക്കത്തിലേക്ക് കടക്കുന്ന ടാർഡിഗ്രേഡുകൾ സാഹചര്യം വീണ്ടും അനുകൂലമാകുമ്പോൾ ജീവിതത്തിലേക്ക് തിരിച്ചു വരും. ഈ കുഞ്ഞ് ജീവിയുടെ ഈ വലിയ വിദ്യയുടെ രഹസ്യമാണ് ശാസ്ത്രജ്ഞർ തേടിക്കൊണ്ടിരിക്കുന്നത്.
2007 സെപ്റ്റംബറിൽ ഒരു ബാച്ച് ടാർഡിഗ്രേഡുകളെ ഒരു ബഹിരാകാശം 'അനുഭവിക്കാൻ' വിട്ടു. ഫോട്ടോൺ എത്രീ ദൗത്യത്തിന്റെ ഭാഗമായിരുന്നു ഈ പരീക്ഷണം. പത്ത് ദിവസത്തിന് ശേഷം തിരിച്ചു ഭൂമിയിലെത്തിയ ടാർഡിഗ്രേഡുകൾക്ക് മുപ്പത് മിനുട്ടിനകം വീണ്ടും ജീവൻ വച്ചു. ബഹിരാകാശവുമായി സമ്പർക്കത്തിൽ വന്നിട്ടും ജീവനോടെ ബാക്കിയായ ഏക ജീവിയായി അതോടെ ടാർഡിഗ്രേഡ്.
നേരത്തെ പറഞ്ഞത് പോലെ ഒരു തരം ഹൈബ്രിനേഷൻ വഴിയാണ് ടാർഡിഗ്രേഡുകൾ പ്രതികൂല സാഹചര്യങ്ങൾ അതി ജീവിക്കുന്നത്. ശരീരത്തിലെ ജലാംശം ഏറെക്കുറെ മുഴുവനായി പുറന്തള്ളി, മറ്റ് എല്ലാ ശാരീരിക പ്രക്രിയകളെയും നിർത്തിവച്ച് ഇവ ഉറങ്ങും. അനുകൂല സാഹചര്യം ഒത്തുവരുമ്പോൾ വീണ്ടും ഉണരും. ടാർഡിഗ്രേഡുകളുടെ ഈ വിദ്യ പൂർണ്ണമായി മനസിലാക്കുകയാണ് ഗവേഷകരുടെ ലക്ഷ്യം.
2019ൽ ഇസ്രയേൽ ചന്ദ്രനിലേക്ക് അയച്ച ബെർഷീറ്റ് ലാൻഡറിലും ഈ ജീവികളുണ്ടായിരുന്നു. ദൗത്യം പരാജയപ്പെട്ടുവെങ്കിലും ചന്ദ്രനിൽ ഇടിച്ചിറങ്ങിയ ഈ ജീവികൾ ജീവനോടെ ഉണ്ടാകുമോയെന്ന് സംശയമുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇവ നശിച്ചിരിക്കാമെന്നാണ് അനുമാനം.
from Asianet News https://ift.tt/32iqu9E
via IFTTT
No comments:
Post a Comment