ലക്നോ: ജനിതക മാറ്റം വന്ന കൊവിഡ‍് വകഭേദം ഒമിക്രോൺ (Omicron) വ്യാപനത്തിന്റെ സാഹചര്യത്തിൽ യുപി നിയമസഭ തെരഞ്ഞെടുപ്പ് (UP Election) ഒന്നോ രണ്ടോ മാസത്തേക്ക് നീട്ടിവയ്ക്കുന്നതാലോചിക്കണമെന്ന് കോടതി നിർദേശം. തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുന്ന കാര്യം പരിഗണിക്കണമെന്ന് പ്രധാനമന്ത്രിയോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും അലഹബാദ് ഹൈക്കോടതിയാണ് ആലോചിക്കണമെന്ന് നിർദേശിച്ചത്. ജീവനുണ്ടെങ്കിൽ ഭാവിയിലും തെരഞ്ഞെടുപ്പും റാലികളും നടത്താമെന്ന് കോടതി നിരീക്ഷിച്ചു.
അതേസമയം, തെരഞ്ഞെടുപ്പ്, ഉത്സവകാലങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീണ്ടും കേന്ദ്രസർക്കാർ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രോഗ വ്യാപനം കൂടിയ പ്രദേശങ്ങളില്‍ രാത്രി കാല കര്‍ഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം വിലയിരുത്താന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്നലെ ദില്ലിയില്‍ നടന്നിരുന്നു. കൊവിഡ് നിയന്ത്രണത്തിൽ സംസ്ഥാനങ്ങൾക്കുള്ള പിന്തുണ തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.
സംസ്ഥാനങ്ങൾ ജാഗ്രത കൂട്ടണം. താഴേതട്ട് മുതലുള്ള ആരോഗ്യ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നൈറ്റ് കര്‍ഫ്യൂ അടക്കമുള്ള പഴയനിയന്ത്രണ മാര്‍ഗങ്ങളിലേക്ക് തിരികെ പോകാനുള്ള കേന്ദ്ര നിര്‍ദ്ദേശം വന്നിട്ടുള്ളത്. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. ആഘോഷങ്ങള്‍ക്ക് നിയന്ത്രണം വേണം. പോസിറ്റിവിറ്റി നിരക്ക് കൂടിയാല്‍ ആ പ്രദേശത്തെ ഉടന്‍ കണ്ടയെന്‍റ്മെന്‍റ് സോണായി പ്രഖ്യാപിക്കണം.
കണ്ടെയന്‍റ്മെന്റ് സോണുകളിലെ വീടുകള്‍ തോറും രോഗ നിര്‍ണ്ണയ പരിശോധന നടത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ആവശ്യമായ സംവിധാനങ്ങള്‍ക്കായി കേന്ദ്ര പാക്കേജിലെ പണം ചെലവഴിക്കാം. പ്രവര്‍ത്തന പുരോഗതി ഓരോ ദിവസവും ആരോഗ്യസെക്രട്ടറിമാര്‍ വിലയിരുത്തി കേന്ദ്രത്തെ അറിയിക്കണം. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ വാക്സിനേഷന്‍ നിരക്ക് കുറഞ്ഞ ജില്ലകളില്‍ പ്രതിരോധ കുത്തിവയ്പിന്‍റെ വേഗം കൂട്ടണം.
ദേശീയ ശരാശരിയേക്കാള്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളില്‍ വീടുകളില്‍ കൂടിയെത്തി വാക്സിനേഷന്‍ നല്‍കി നിരക്ക് കൂട്ടണം. ആരോഗ്യമന്ത്രാലയത്തിന്റെ ഇന്നലത്തെ കണക്കനുസരിച്ച് രാജ്യത്ത് 236 പേര്‍ക്ക് ഇതിനോടകം ഒമിക്രോൺ ബാധിച്ചിട്ടുണ്ട്. 104 പേര്‍ക്ക് രോഗം ഭേദമായി. ചികിത്സയിലുള്ള ആരുടെയും നില ഗുരുതരമല്ല. രോഗവ്യാപനത്തില്‍ മഹാരാഷ്ട്രയാണ് മുന്‍പില്‍. വ്യാപന തീവ്രത കൂടുന്ന ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളം ആറാമതുണ്ട്.
from Asianet News https://ift.tt/3svu1MZ
via IFTTT
No comments:
Post a Comment