ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ വകവരുത്താൻ കൊലയാളികൾ സഞ്ചരിച്ചതെന്ന് കരുതുന്ന ബൈക്കുകൾ മണ്ണഞ്ചേരിയിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ഇതിൽ ഒന്നിന് ആലപ്പുഴ രജിസ്ട്രേഷനും മറ്റേതിന് ഏറണാകുളം രജിസ്ട്രേഷനുമാണ്. കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് ഷാനിന്റെ ശവസംസ്ക്കാര ചടങ്ങിൽ രഞ്ജിത്തിന്റെ കൊലയാളികൾ പങ്കെടുത്തതിന്റെ സൂചനയാണ് ഇതിൽ നിന്ന് പൊലീസിന് വ്യക്തമാകുന്നത്.
ബൈക്കിൽ രക്തകറയും കണ്ടെത്തിയിരുന്നു. ഫോറൻസിക്ക് വിദഗ്ധർ ബൈക്ക് പരിശോധിച്ച് വരികയാണ്. അതേസമയം, ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്കിന്റെ യഥാർത്ഥ ഉടമയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മണ്ണഞ്ചേരി സ്വദേശിയുടെതാണ് ബൈക്ക്. ഉടമയെ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ട് വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ബൈക്ക് കൊണ്ടുപോയത് ആരാണെന്ന് അറിയില്ലെന്നാണ് ഇവർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ അത് പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് അറിയുന്നത്.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവർ ജില്ല വിട്ട് പോയിട്ടില്ലെന്നും പൊലീസ് അനുമാനിക്കുന്നു. ഇരു കൊലപാതകങ്ങൾക്കും ശേഷം പൊലീസ് ഹൈവേകളിലും പോക്കറ്റ് റോഡുകളിലും ശക്തമായ പരിശോധനയാണ് നടക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് രണ്ട് ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടുകയും ചെയ്തു. ജില്ലയിൽ സമാധാന അന്തരീക്ഷം തിരിച്ച് കൊണ്ട് വരുന്നതിനായി കളക്ടറേറ്റിൽ സർവ്വകക്ഷി യോഗവും ചേർന്നു.
കൊലപാതകത്തിന്റെ കാരണക്കാരെ കണ്ടെത്തുന്നതിനുള്ള പൊലീസ് അന്വേഷണം ബഹുദൂരം മുന്നേറി കഴിഞ്ഞു. ഇതിനോടകം 50ൽ അധികം പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് കഴിഞ്ഞു. പ്രതികളെ കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ ഇതിനോടകം അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. ആലപ്പുഴയിലെ കൊലപാതകങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുകൾ ഇട്ടവരെ നിരീക്ഷിക്കാൻ പ്രത്യേക സെല്ലും പൊലീസ് ആരംഭിച്ചിട്ടുണ്ട്.
from Asianet News https://ift.tt/32iR6HL
via IFTTT
No comments:
Post a Comment