Monday, October 25, 2021

സുഡാനില്‍ സൈനീക അട്ടിമറി; മൂന്ന് മരണം, 12 പേര്‍ക്ക് പരിക്ക്


ലോകമാകെ കൊവിഡ് പടര്‍ന്ന് പിടിച്ചതിന് ശേഷം വീണ്ടുമൊരു ജനാധിപത്യ ഭരണകൂടത്തെ കൂടി സൈന്യം കീഴടക്കി. മ്യാന്മാറിനും (Myanmar) അഫ്ഗാനിസ്ഥാനും (Afghanistan) ശേഷം മറ്റൊരു രാജ്യത്ത് കൂടി, ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിച്ച് സൈനീക ഭരണകൂടം അധികാരം ഏറ്റെടുത്തു. കഴിഞ്ഞ കുറച്ച് ആഴ്ചകളായി സുഡാനില്‍ (sudan) രൂപപ്പെട്ട് വന്ന രാഷ്ട്രീയ പ്രതിസന്ധിക്കൊടുവിലാണ് സൈന്യം അധികാരമേറ്റെടുത്തതായി ജനറൽ അബ്ദൽ ഫത്താഹ് അല്‍ ബുർഹാൻ (Abdel Fattah al-Burhan) ദേശീയ ടെലിവിഷനിലൂടെ ജനങ്ങളെ അറിയിച്ചത്. ഇതോടെ സൈന്യവും സിവിലിയന്‍ സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള സുഡാന്‍റെ പരമാധികാര കൌണ്‍സില്‍ ( Sovereignty Council of Sudan) ഇല്ലാതെയായി. ഭരണം പൂര്‍ണ്ണമായും സൈന്യത്തിന്‍റെയും ജനറല്‍ അബ്ദുൽ ഫത്താഹ് അല്‍ ബുർഹാന്‍റെയും കൈയിലൊതുങ്ങി. അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് പിന്നാലെ സിവിലിയന്‍ സമൂഹം തെരഞ്ഞെടുക്കുന്ന സര്‍ക്കാറിന് അധികാരം കൈമാറുമെന്ന് ബുർഹാന്‍ സുഡാന്‍ ജനതയ്ക്ക് വാഗ്ദാനം നല്‍‌കി. 

അധികാരമേറ്റെടുക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെ സുഡാനിലെ പ്രധാനപ്പെട്ട ഭരണപക്ഷാനുകൂലികളെയും നേതാക്കന്മാരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. 

 

പ്രധാനമന്ത്രി അബ്ദുള്ള ഹംദോക്കിനെ (Abdalla Hamdok) സൈന്യം അറസ്റ്റ് ചെയ്തു. കാബിനറ്റ് അഫയേഴ്സ് മന്ത്രി ഖാലിദ് ഒമർ, പരമാധികാര കൗൺസിൽ അംഗം മുഹമ്മദ് അൽ ഫിക്കി സുലിമാൻ, ഹംദോക്കിന്‍റെ മാധ്യമ ഉപദേഷ്ടാവ് ഫൈസൽ മുഹമ്മദ് സാലിഹ് എന്നിവരും അറസ്റ്റ് ചെയ്യപ്പെട്ടു. 

 

തലസ്ഥാനം അടങ്ങുന്ന സംസ്ഥാനത്തിന്‍റെ ഗവർണർ അയ്മാൻ ഖാലിദിനെയും അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്‍റെ ഓഫീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പറയുന്നു. അറസ്റ്റിലായവരെ "അജ്ഞാതമായ ഒരു സ്ഥലത്ത്" തടഞ്ഞുവച്ചിരിക്കുകയാണെന്ന് വിവരാവകാശ മന്ത്രാലയത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. 

 

സൈന്യം സുഡാന്‍റെ അധികാരം ഏറ്റെടുക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്ക കുറച്ചുകാലമായി നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ഇതിനായി ഒരു അട്ടിമറി ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടിരുന്നു. 

 

ഇതിന് പിന്നാലെ സൈനീക പിന്തുണയുള്ള തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പുകള്‍ തെരുവുകളില്‍ പരമാധികാര സമിതിക്കെതിരെ മുദ്രാവാക്യങ്ങളുമായി രംഗത്തെത്തി. ഇതേ തുടര്‍ന്ന ജനാധിപത്യ സംഘടനകള്‍ പരമാധികാര സമിതിയെ പിന്തുണച്ച് കൊണ്ട് തെരുവുകളിലേക്കിറങ്ങി. 

 

ജനറൽമാർ പരമ്പരാഗത അധികാര ഘടനയിലെ അംഗങ്ങള്‍ക്ക് നേരെ ആഞ്ഞടിക്കുകയും പ്രധാനമന്ത്രി ഹംഡോക്കിന്‍റെ സര്‍ക്കാറിനെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തിരുന്നു.  

 

ഇതേ തുടര്‍ന്ന് തെരുവുകളില്‍ കലാപം അരങ്ങേറി. സ്ഥിതിഗതികള്‍ ഇത്തരത്തില്‍ സംഘര്‍ഷഭരിതമാക്കി ജനറല്‍ ബുർഹാന്‍ അധികാരം കൈയാളുകയായിരുന്നുവെന്ന ആരോപണവും ഉയര്‍ന്നു.  

 

രാജ്യത്തിന്‍റെ ദൈനംദിന ഭരണസംവിധാനം നോക്കിനടത്തുന്നത് ഹംഡോക്കിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണെങ്കിലും നയപരമായ കാര്യങ്ങളില്‍ സൈന്യത്തിന് പ്രമുഖ്യമുള്ള പരമാധികാര കൗൺസിലാണ് ആത്യന്തിക തീരുമാനമെടുക്കുന്നത്. 

 

നേതാക്കളുടെ അറസ്റ്റ് വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നലെ പ്രക്ഷോഭകർ തലസ്ഥാനമായ കാർട്ടൂമിലെ തെരുവുകളിലേക്കിറങ്ങി. പല പ്രദേശത്ത് നിന്നും വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടുണ്ട്. ദേശീയ ടെലിവിഷന്‍ കേന്ദ്രം സൈന്യം ഏറ്റെടുക്കുകയും ജേര്‍ണലിസ്റ്റുകളടക്കം നിരവധി പേരെ അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. 

 

തലസ്ഥാനത്ത് ഇന്‍റർനെറ്റ് നിരോധിച്ചെന്നും പട്ടാളത്തെയും അർദ്ധസൈനിക വിഭാഗത്തെയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ടെന്നും ദൃക്‌സാക്ഷികൾ പറയുന്നു. അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ച് കാർട്ടൂം വിമാനത്താവളം അടച്ചു. 

 

അറസ്റ്റുകളെക്കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചതിന് ശേഷം, രാജ്യത്തെ പ്രധാന ജനാധിപത്യ അനുകൂല ഗ്രൂപ്പും രണ്ട് രാഷ്ട്രീയ പാർട്ടികളും സുഡാനികളോട് തെരുവിലേയ്‌ക്ക് നീങ്ങാന്‍ ആഹ്വാനം ചെയ്തു. 

 

ജനറല്‍ ബുർഹാന്‍റെ നേതൃത്വത്തില്‍ നടന്ന "സമ്പൂർണ സൈനിക അട്ടിമറി" യെ തുടര്‍ന്ന്  തൊഴിലാളികളോട് പണിമുടക്കാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആഹ്വാനം ചെയ്തു. 

 

തെരുവിലുറങ്ങിയ പ്രതിഷേധക്കാര്‍ "സൈനിക ഭരണം വേണ്ട" എന്ന് മുദ്രാവാക്യം വിളിച്ചു. “സിവിലിയൻ സർക്കാർ തിരിച്ചെത്തി പരിവർത്തനം തിരികെ വരുന്നതുവരെ ഞങ്ങൾ തെരുവിൽ നിന്ന് ഇറങ്ങില്ലെന്ന് ജനങ്ങള്‍ വിളിച്ച് പറഞ്ഞു. “സുഡാനിലെ ജനാധിപത്യ പരിവർത്തനത്തിനായി ഞങ്ങളുടെ ജീവൻ നൽകാൻ ഞങ്ങൾ തയ്യാറാണ്,” മറ്റൊരു പ്രതിഷേധക്കാരനായ ഹൈതം മുഹമ്മദ് പറഞ്ഞു. 

 

സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാരുടെ വലിയ സംഘങ്ങളെ കൊണ്ട് തെരുവുകള്‍ നിറഞ്ഞതായി ഖാർത്തൂമിൽ നിന്നുള്ള ഇന്നത്തെ സാമൂഹ്യമാധ്യമ വീഡിയോകളില്‍ കാണാം. പ്രതിഷേധക്കാര്‍ നിരവധി ഇടങ്ങളില്‍ ബാരിക്കേഡുകള്‍ക്ക് തീയിട്ടു. കുറഞ്ഞത് മൂന്ന് പേര്‍ മരിച്ചതായും 12 പേര്‍ക്ക് പരിക്കേറ്റതായും സുഡാനീസ് ഡോക്ടർമാരുടെ കമ്മിറ്റി അറിയിച്ചു.   

 

അധികാരം ഏറ്റെടുത്തിന് ശേഷമുള്ള ടെലിവിഷൻ പ്രസംഗത്തിൽ, രാഷ്ട്രീയക്കാർ തമ്മിലുള്ള കലഹവും, അക്രമാസക്തിയും, അക്രമത്തിന് അവര്‍ നല്‍കുന്ന പ്രേരണയുമാണ് രാജ്യത്തിന്‍റെ സുരക്ഷ ഏറ്റെടുത്ത് "വിപ്ലവത്തിന്‍റെ ഗതി ശരിയാക്കാന്‍"  തന്നെ നിർബന്ധിതനാക്കിയെന്ന് ജനറല്‍ ബുര്‍ഹാന്‍ അവകാശപ്പെട്ടു.  

 

2023 ജൂലൈയിൽ തെരഞ്ഞെടുപ്പ് നടത്തി സിവിലിയൻ ഭരണത്തിലേക്ക് മാറണമെന്ന  'അന്താരാഷ്ട്ര ഉടമ്പടികൾ' അധികാര അട്ടിമറിയോടെ സുഡാന്‍ ലംഘിച്ചു. ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന സുഡാന് അടുത്തകാലത്തായി ലഭിച്ചു കൊണ്ടിരുന്ന അന്താരാഷ്ട്രാ പിന്തുണ വീണ്ടും നഷ്ടമാകും. 

 

മാസങ്ങൾ നീണ്ട തെരുവ് പ്രതിഷേധങ്ങൾക്ക് ശേഷം പ്രസിഡന്‍റ് ഒമര്‍ അല്‍ ബഷീറിനെ അട്ടിമറിച്ച് സൈന്യവും സിവിലിയന്‍ നേതൃത്വവും ഒത്തു ചേര്‍ന്ന സമിതിയാണ് ഭരണനിര്‍വഹണം നടത്തിയിരുന്നത്. ഫോർസസ് ഫോർ ഫ്രീഡം ആന്‍റ് ചേഞ്ചും ( Forces of Freedom and Change ) ട്രാന്‍സിഷണല്‍ മിലിറ്ററി കൌൺസിലും (Transitional Military Council ) ചേര്‍ന്ന സംയുക്ത ഭരണസമിതിയാണ് 2019 ഓഗസ്റ്റ് മുതല്‍ സുഡാനിലെ ഭരണം നടത്തിയിരുന്നത്. 

 

പരമാധികാര കൌണ്‍സില്‍ 21 മാസത്തേക്ക് ഒരു സൈനിക വ്യക്തിയും തുടർന്നുള്ള 18 മാസത്തേക്ക് ഒരു സിവിലിയനും നയിക്കണമെന്നായിരുന്നു കരാര്‍. അതിന് ശേഷം 2023 ല്‍ തെരഞ്ഞെടുപ്പ് നടത്തി അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് കൈമാറുക. ഈ കാരാര്‍ കൂടിയാണ് അല്‍ ബുര്‍ഹാന്‍ ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്. 

 

രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ബുര്‍ഹാന്‍ 2023 ജൂലൈയിൽ രാജ്യത്തെ സൈന്യം തെരഞ്ഞെടുപ്പിലേക്ക് നയിക്കുമെന്ന് അവകാശപ്പെട്ടു. തെരഞ്ഞെടുപ്പിന് ശേഷം സൈന്യം തെരഞ്ഞെടുക്കപ്പെടുന്ന ജനാധിപത്യ സര്‍ക്കാറിന് അധികാരം കൈമാറുമെന്നും അല്‍ ബുര്‍ഹാന്‍ അവകാശപ്പെട്ടു. 

 

രാജ്യത്തിന്‍റെ ഭരണഘടന തിരുത്തിയെഴുതപ്പെടുമെന്നും "ഈ വിപ്ലവം നടത്തിയ യുവാക്കളുടെയും യുവതികളുടെയും" പങ്കാളിത്തത്തോടെ ഒരു നിയമനിർമ്മാണ സമിതി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 

അബ്ദുള്ള ഹംദോക്ക് ഉൾപ്പെടെ എല്ലാ സുഡാനീസ് രാഷ്ട്രീയ നേതാക്കളെയും മോചിപ്പിക്കണമെന്ന് ആഫ്രിക്കൻ യൂണിയൻ ആഹ്വാനം ചെയ്തു. "രാജ്യത്തെയും അതിന്റെ ജനാധിപത്യ പരിവർത്തനത്തെയും രക്ഷിക്കാനുള്ള ഒരേയൊരു മാർഗ്ഗമാണ് സംഭാഷണവും സമവായവും," ആഫ്രിക്കന്‍ യൂണിയന്‍ കമ്മീഷൻ തലവൻ മൗസ ഫാക്കി പറഞ്ഞു.

 

 

 

 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 



from Asianet News https://ift.tt/3nvE0h4
via IFTTT

No comments:

Post a Comment

About Me

kya kahoon apni bhaare mey jab ki apna khaas kuch kahnaa hi nahi rahthaa ........... I am a person with ever changing interest and taste . and off course i am a good dreamer . I always dream of achieving higher even though i don't posses a state to reach that height in the far future ..... ( Tho kyaa ree sapnee dhekne ke koyi paysa tho nahi maangthaa .. kisi ko tax bhi nahi padthaa) "Bhir Sapnee dheknee mey kyaa hey" Bindaas Dhekkooo . :) Hey hi philosophy hey meraaa . and i am daam sure of the fact that this nature keeps me energized every time when i lose hope on things and feels defeated ............